സോണിയ വീണ്ടും കളത്തില്‍; പ്രതിപക്ഷ ഐക്യത്തിന് ശ്രമം; പിന്തുണയുമായി പതിനേഴു പാര്‍ട്ടികള്‍

സോണിയ വീണ്ടും കളത്തില്‍; പ്രതിപക്ഷ ഐക്യത്തിന് ശ്രമം; പിന്തുണയുമായി പതിനേഴു പാര്‍ട്ടികള്‍
സോണിയ വീണ്ടും കളത്തില്‍; പ്രതിപക്ഷ ഐക്യത്തിന് ശ്രമം; പിന്തുണയുമായി പതിനേഴു പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം മകന്‍ രാഹുല്‍ ഗാന്ധിക്കു കൈമാറി ചുമതലകള്‍ ഒഴിഞ്ഞ സോണിയ ഗാന്ധി വീണ്ടും ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമാവുന്നു. പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുകയെന്ന ദൗത്യം ഏറ്റെടുത്തു മുന്നോട്ടുവന്നതോടെ രാഷ്ട്രീയ നീക്കങ്ങളുടെ കേന്ദ്രബിന്ദുവാവുകയാണ് സോണി. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കായി സോണിയ ചൊവ്വാഴ്ച നടത്തുന്ന വിരുന്നില്‍ പതിനേഴു പാര്‍ട്ടികാണ് പങ്കെടുക്കുന്നത്. കോണ്‍ഗ്രസുമായി ബന്ധം വേണോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തില്‍നില്‍ക്കുന്ന സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ നേതാക്കള്‍ സോണിയയുടെ വിരുന്നില്‍ പങ്കെടുക്കും.

പാര്‍ലമെന്റ് സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസം ഒന്നിനു സോണിയ സമാനമായ വിരുന്നു നടത്തിയിരുന്നു. ആ വിരുന്നില്‍ പങ്കെടുത്ത പതിനേഴു പാര്‍ട്ടികളെയും ചൊവ്വാഴ്ചത്തെ വിരുന്നിനു ക്ഷണിച്ചിട്ടുണ്ടെന്നും അവര്‍ എത്താമെന്ന് അറിയിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. പൊതുതെരഞ്ഞെടുപ്പിനു മുമ്പായി ബിജെപി വിരുദ്ധ സഖ്യനീക്കങ്ങള്‍ക്കു ശക്തിപകരുന്ന നീക്കമായിട്ടാണ് സോണിയയുടെ വിരുന്നിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര മൂന്നാം മുന്നണിക്കായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ചില നീക്കങ്ങള്‍ നടന്നതിനു പിന്നാലെയാണ് സോണിയ നേരിട്ടു കളത്തിലിറങ്ങിയത്. മമതയുടെ ശ്രമങ്ങള്‍ക്കു പിന്തുണയുമായി തെലങ്കാന രാഷ്ട്രസമിതി അധ്യക്ഷന്‍ കെ ചന്ദ്രശേഖര്‍ റാവുവിനെപ്പോലെ ചില നേതാക്കള്‍ രംഗത്തുവന്നിരുന്നു. ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര സഖ്യനീക്കങ്ങള്‍ 2019 പൊതുതെരഞ്ഞെടുപ്പിലെ പ്രതിപക്ഷ സാധ്യതയെ ഇല്ലാതാക്കും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സോണിയ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കൂട്ടായ്മയ്ക്കായി സജീവ ശ്രമവുമായി രംഗത്തിറങ്ങിയത്. കോണ്‍ഗ്രസ് ഇല്ലാത്ത പ്രതിപക്ഷ സഖ്യം ബിജെപിക്കു മാത്രമേ ഗുണം ചെയ്യൂ എന്ന് പല പാര്‍ട്ടികളുടെയും നേതാക്കള്‍ സമ്മതിക്കുന്നുമുണ്ട്. കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യത്തിനല്ല പാര്‍ട്ടി ശ്രമിച്ചതെന്ന് തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രയിന്‍ പറഞ്ഞു.

വിരുന്നിലേക്ക് മമത ബാനര്‍ജിയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും അവര്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രതിപക്ഷ ഐക്യശ്രമങ്ങള്‍ക്ക് എതിരുനില്‍ക്കില്ലെന്നു വ്യക്തമാക്കി മുതിര്‍ന്ന നേതാവ് സുധീപ് ബന്ദോപാധ്യായയെ മമത വിരുന്നിന് അയക്കും. എന്‍സിപി നേതാവ് ശരദ് പവാറും സോണിയയുടെ വസതിയിലെത്തും. 

കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന ധാരണയില്‍ എത്തിയിട്ടുളള സിപിഎം പക്ഷേ സോണിയയുടെ വിരുന്നില്‍നിന്നു വിട്ടുനില്‍ക്കില്ല. മുതിര്‍ന്ന നേതാക്കളും എംപിമാരുമായ മുഹമ്മദ് സലിമും ടികെ രംഗരാജനുമാണ് പാര്‍ട്ടി പ്രതിനിധികളായി വിരുന്നിനെത്തുക. കോണ്‍ഗ്രസ് ബന്ധത്തിനായി വാദിക്കുന്ന സിപിഐയില്‍നിന്ന് ഡി രാജ പങ്കെടുക്കും. 

ബിഎസ്പിയെ പ്രതിനിധീകരിച്ച് സതീഷ് ചന്ദ്ര വിരുന്നിനെത്തുമെന്നാണ് സൂചനകള്‍. എസ്പിയുടെ മുതിര്‍ന്ന നേതാവ് രാംഗോപാല്‍ യാദവ് എത്തുമെന്ന് സ്ഥിരീകരണമായിട്ടുണ്ട്. ആര്‍ജെഡിയില്‍നിന്ന് തേജസ്വി യാദവും ജെഡിയുവിന്റെ വിമത നേതാവ് ശരദ് യാദവും സോണിയയുടെ വിരുന്നിനെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com