മഹാരാഷ്ട്രയ്ക്ക് പിന്നാലെ യുപിയിലും കർഷക പ്രതിഷേധം ഇരമ്പുന്നു ; ചലോ ലഖ്നൗ മാർച്ച് ഇന്ന്

അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത്
മഹാരാഷ്ട്രയ്ക്ക് പിന്നാലെ യുപിയിലും കർഷക പ്രതിഷേധം ഇരമ്പുന്നു ; ചലോ ലഖ്നൗ മാർച്ച് ഇന്ന്


 
ലഖ്നൗ : മഹാരാഷ്ട്രയിലെ ഐതിഹാസികമായ കർഷക സമര വിജയത്തിന് പിന്നാലെ ഉത്തർപ്രദേശിലും കർഷകരുടെ മഹാപ്രതിഷേധം. യോ​ഗി ആദിത്യനാഥ് സർക്കാരിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ ചലോ ലഖ്നൗ മാർച്ച് ഇന്ന് നടക്കും. ഗോമതി നദീതീരത്തെ ലക്ഷ്മൺമേള മൈതാനിയിൽ ആയിരക്കണക്കിന് കർഷകരാണ് സമരത്തിൽ അണിനിരക്കുക.  അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ രിഫായിയാം ക്ലബ് മൈതാനിയിൽ നടത്താനിരുന്ന പ്രതിഷേധറാലിക്ക് ജില്ലാ പൊലീസ് അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു. അനുമതി നൽകിയില്ലെങ്കിൽ വിധാൻസഭയിലേക്ക് റാലി സംഘടിപ്പിക്കുമെന്ന് കിസാൻസഭ നേതാക്കൾ മുന്നറിയിപ്പ് നൽകി. ഇതേതുടർന്നാണ് ലക്ഷ്മൺമേള മൈതാനിയിൽ റാലിക്ക് അനുമതി നൽകിയത്. 

സുൽത്താൻപുർ, അലഹബാദ്, വാരാണസി, ഗൊരഖ്പുർ, ചന്ദോലി, ലഖിംപുർ, ഇറ്റാവ, ബദോലി, കാസ്ഗഞ്ജ് എന്നിവിടങ്ങളിൽ നിന്ന് കർഷകർ പ്രക്ഷോഭത്തിൽ പങ്കെടുക്കാനായി എത്തിക്കൊണ്ടിരിക്കുകയാണ്. ബുധനാഴ്ച വൈകിട്ട് ലഖ്നൗവിൽ എത്തിയ കർഷകർ റെയിൽവേ സ്റ്റേഷൻ പരിസരത്തും ലക്ഷ്മൺമേള മൈതാനിയിലും തമ്പടിച്ചിരിക്കയാണ്. 

കാർഷികവിളകൾക്ക് ഉൽപ്പാദനച്ചെലവും അതിന്റെ പകുതിയും ചേർത്ത് താങ്ങുവില ഉറപ്പാക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, വൈദ്യുതിനിരക്ക് വർധനയും വൈദ്യുതിമേഖലയുടെ സ്വകാര്യവൽക്കരണവും പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് റാലി. കിസാൻസഭ അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവ്ളെ, ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള, സിപിഎം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി തുടങ്ങിയവർ റാലിയിൽ പങ്കെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com