യുപിയിലെ തിരിച്ചടി ; കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും യോഗി ആദിത്യനാഥിനെ പിന്‍വലിച്ചേക്കും

ആദിത്യനാഥിന്റെ സാന്നിധ്യം യുപിയിലെ  തിരിച്ചടി കര്‍ണാടകയിലും ചര്‍ച്ചയാകാന്‍ ഇടയാക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ ആശങ്ക
യുപിയിലെ തിരിച്ചടി ; കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും യോഗി ആദിത്യനാഥിനെ പിന്‍വലിച്ചേക്കും

ബംഗളൂരു : ഉത്തര്‍പ്രദേശ് ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ താരപരിവേഷത്തിനും തിരിച്ചടിയാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞാല്‍ ബിജെപിയിലെ താരപ്രചാരകന്മാരില്‍ മുമ്പനായിരുന്നു യോഗി ആദിത്യനാഥ്. ത്രിപുര അടക്കം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെല്ലാം പ്രചാരണത്തിന് ഊര്‍ജ്ജം പകര്‍ന്ന് യോഗിയെ എത്തിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വവും സംസ്ഥാന നേതൃത്വങ്ങളും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കേരളത്തില്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്രയിലും യോഗി ആദിത്യനാഥ് താരമായിരുന്നു. 

എന്നാല്‍ യോഗിയുടെ സ്വന്തം മണ്ഡലമായ ഗോരഖ്പൂരില്‍ ബിജെപി ദയനീയമായി പരാജയപ്പെട്ടതോടെ, യോഗിയെ പ്രചാരണത്തില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം ഉയര്‍ന്നു തുടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ യോഗിയെ മുഖ്യ പ്രചാരകനാക്കുന്ന തീരുമാനം പുനപരിശോധിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇക്കാര്യം ബിജെപി കര്‍ണാടക നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. 

യോഗി ആദിത്യനാഥിന്റെ സാന്നിധ്യം യുപിയില്‍ ബിജെപിക്കേറ്റ കനത്ത തിരിച്ചടി കര്‍ണാടകയിലും ചര്‍ച്ചയാകാന്‍ ഇടയാക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ ആശങ്ക. കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരിന്റെ വീഴ്ചകള്‍ക്കെതിരെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ യോഗി ആഞ്ഞടിക്കുമ്പോള്‍, പ്രതിപക്ഷമായ കോണ്‍ഗ്രസ് യുപിയിലെ ബിജെപി സര്‍ക്കാരിനെതിരായ ജനകീയ പ്രതിഷേധങ്ങള്‍ ആയുധമാക്കുമെന്നും നേതൃത്വം ഭയക്കുന്നു. ബിജെപി കര്‍ണാടക നേതൃത്വത്തിന്റെ ആശങ്ക പരിഗണിച്ച, യോഗി ആദിത്യനാഥിന്റെ കര്‍ണാടകയിലെ പ്രചാരണ പരിപാടികള്‍ കേന്ദ്രനേതൃത്വം വെട്ടിക്കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച യോഗി ആദിത്യനാഥിനെ പരിഹസിച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഇന്നലെ രംഗത്തുവന്നിരുന്നു. സ്വന്തം മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പോലും വിജയിപ്പിക്കാനാകാത്ത യോഗിയെ കര്‍ണാടകയില്‍ ആര് ഭയപ്പെടുന്നു എന്നായിരുന്നു എഐസിസി വക്താവ് ബ്രിജേഷ് കാലപ്പ ചോദിച്ചത്. കര്‍ണാടകയിലെ വികസനത്തെക്കുറിച്ച് തലപുകയ്ക്കാതെ, യോഗി സ്വന്തം സംസ്ഥാനത്തെക്കുറിച്ച് ചിന്തിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും അഭിപ്രായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com