'പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ശ്രദ്ധിച്ചില്ല, പാര്‍ലമെന്ററി ചര്‍ച്ചയില്‍ സമയം പാഴാക്കി' ; യെച്ചൂരിക്കെതിരെ കാരാട്ട് പക്ഷം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2018 08:11 AM  |  

Last Updated: 17th March 2018 08:14 AM  |   A+A-   |  

 

ന്യൂഡല്‍ഹി : പാര്‍ട്ടിയുടെ സ്വതന്ത്ര വളര്‍ച്ചയ്ക്ക് ശ്രദ്ധിച്ചില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കാരാട്ട് പക്ഷത്തിന്റെ വിമര്‍ശനം. തെരഞ്ഞെടുപ്പ് സഖ്യങ്ങളുടെ പേരിലുള്ള പാര്‍ലമെന്ററി ചര്‍ച്ചകളിലൂടെ യെച്ചൂരി സമയം പാഴാക്കുകയായിരുന്നുവെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള സംഘടനാ റിപ്പോര്‍ട്ടിന് രൂപം നല്‍കാനുള്ള പിബിയോഗത്തിനാണ് ഇന്നലെ ഡല്‍ഹിയില്‍ തുടക്കമായത്. 

സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള വിശദമായ ചര്‍ച്ച ഇന്ന് നടക്കും. യെച്ചൂരി ജനറല്‍ സെക്രട്ടറി ആയശേഷം പാര്‍ട്ടിയുടെ അംഗസംഖ്യയില്‍ ഇടിവുണ്ടായെന്നും വിമര്‍ശനം ഉയര്‍ന്നു. ത്രിപുര തെരഞ്ഞെടുപ്പ് അവലോകനമായിരുന്നു ഇന്നലെ പ്രധാനമായും നടന്നത്. 

അതേസമയം മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കര്‍ഷകസമരങ്ങളും ദലിത്-വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളും ഉണ്ടായി എന്നാണ് യെച്ചൂരി പക്ഷത്തിന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി കാരാട്ട് പക്ഷത്തെ പ്രതിരോധിക്കാനാണ് യെച്ചൂരി വിഭാഗത്തിന്റെ നീക്കം.