ആന്ധ്രയിലെ കുഴഞ്ഞ ചേറില്‍ താമര വിരിയിക്കാന്‍ രാം മാധവിനാകുമോ ? തന്ത്രങ്ങളുടെ ആചാര്യനെ ചുമതലയേല്‍പ്പിച്ച് അമിത് ഷാ

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പയറ്റി വിജയിച്ച തന്ത്രം ആന്ധ്രാ മണ്ണിലും പ്രയോഗിക്കാന്‍ ഒരുങ്ങി ബിജെപി.  
ആന്ധ്രയിലെ കുഴഞ്ഞ ചേറില്‍ താമര വിരിയിക്കാന്‍ രാം മാധവിനാകുമോ ? തന്ത്രങ്ങളുടെ ആചാര്യനെ ചുമതലയേല്‍പ്പിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പയറ്റി വിജയിച്ച തന്ത്രം ആന്ധ്രാ മണ്ണിലും പ്രയോഗിക്കാന്‍ ഒരുങ്ങി ബിജെപി.  വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയെ വളര്‍ത്താന്‍ പാര്‍ട്ടി നിയോഗിച്ച ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവിനെ തന്നെ ആന്ധ്രാപ്രദേശിലെ ദൗത്യത്തിന്റെ ചുമതലയേല്‍പ്പിക്കാനാണ് പാര്‍ട്ടി നീക്കം നടത്തുന്നത്. കഴിഞ്ഞ നാലുവര്‍ഷക്കാലം ആന്ധ്രാപ്രദേശിന്റെ വികസനത്തിനായി മോദി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ കഴിഞ്ഞ ദിവസം രാം മാധവ് ഉയര്‍ത്തിക്കാട്ടിയത് ഇതിന്റെ ഭാഗമായാണ് എന്നാണ് വിലയിരുത്തല്‍.

എന്‍ഡിഎ മുന്നണിയില്‍ നിന്നും പുറത്തുപോയ ടിഡിപി ബിജെപിക്ക് വെല്ലുവിളി സൃഷ്ടിക്കുകയാണ്. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ടിഡിപിയുടെ പ്രതിഷേധം. ഇത് ബിജെപിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഇത്് അവസരമായി കണ്ട് ബിജെപിക്കെതിരെ മൂന്നാം മുന്നണിയെ അണിനിരത്താന്‍ ടിആര്‍എസ് പോലുളള പാര്‍ട്ടികളും ശ്രമിക്കുന്നുണ്ട്.

ഭാവിയില്‍ മറ്റു പാര്‍ട്ടികളുമായി സഖ്യം സ്ഥാപിച്ച് ആന്ധ്രാ പ്രദേശില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് ബിജെപി കരുതുന്നു. പാര്‍ട്ടിക്ക് ആന്ധ്രയുടെ മണ്ണില്‍ വേരുറപ്പിയ്ക്കണം. ഇതിനായി തന്ത്രങ്ങള്‍ മെനയുന്നതിന്റെ ഭാഗമായാണ്  ആന്ധ്രാപ്രദേശിന്റെ കടിഞ്ഞാണ്‍ അമിത് ഷാ രാം മാധവിനെ ഏല്‍പ്പിക്കുന്നതെന്നാണ് സൂചന.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വലിയ സ്വാധീനമുണ്ടായിരുന്നില്ല. ഇന്ന് സ്ഥിതി മാറി. ഏറ്റവും സ്വാധീനമുളള പാര്‍ട്ടിയായി ബിജെപി ഉയര്‍ന്നു. സമാനമായ നിലയില്‍ ആന്ധ്രാപ്രദേശിലും ചുവടുറപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

കഴിഞ്ഞ ദിവസം ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ വസതിയില്‍ രാം മാധവുമായി നടത്തിയ കൂടിക്കാഴ്ചയെ ഏറെ പ്രാധാന്യത്തോടെയാണ് ദേശീയ രാഷ്ട്രീയം  ഉറ്റുനോക്കുന്നത്. ആന്ധ്രയില്‍ നിന്നുളള ബിജെപിയുടെ നാലു എംഎല്‍എമാരും രണ്ടു എംപിമാരുമാണ് ഇവര്‍ക്ക് പുറമേ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റുളളവര്‍. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും ടിഡിപിയുടെ സഖ്യകക്ഷിയായി  മത്സരിച്ചാല്‍ ബിജെപിക്ക് പ്രയോജനം ലഭിക്കില്ലെന്ന് യോഗം വിലയിരുത്തിയതായാണ് റിപ്പോര്‍ട്ട്. ഒറ്റയ്ക്ക് മത്സരിക്കണമെന്ന വാദത്തിന് യോഗത്തില്‍ മുന്‍തൂക്കം ലഭിച്ചതായാണ് സൂചന. ഇതിന് പിന്നാലെ 2019ലെ ആന്ധ്രാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ കിങ്‌മേക്കറായി മാറ്റുമെന്ന്  രാംമാധവ് ആത്മവിശ്വാസത്തോടെ അമിത് ഷായെ ധരിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. 

ആന്ധ്രയുടെ തലസ്ഥാനമായി അമരാവതിയെ വികസിപ്പിക്കാന്‍ 2500 കോടി രൂപ അനുവദിച്ചതായി കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഒരു ശിലാകര്‍മ്മം പോലും നിര്‍വഹിക്കാതെ ടിഡിപി രാഷ്ട്രീയം കളിക്കുന്നതായി ബിജെപി ആരോപിക്കുന്നു. അധികമായി അനുവദിച്ച 9500 കോടി രൂപയും പ്രയോജനപ്പെടുത്താതെ ബിജെപിക്കെതിരായ വികാരം വളര്‍ത്താന്‍ ടിഡിപി  ശ്രമിക്കുന്നതായാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വാദം.

അടുത്ത ആഴ്ച ആന്ധ്ര സന്ദര്‍ശിക്കുന്ന രാംമാധവ്, ബിജെപിക്കെതിരായ പ്രചാരണത്തിന്റെ മുനയൊടിക്കാനുളള ശ്രമങ്ങള്‍ക്ക് തുടക്കമിടുമെന്നാണ് പാര്‍ട്ടി നേതൃത്വം വിശ്വസിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com