ബിജെപി മുന്നണി മര്യാദ പാലിക്കുന്നില്ല; രാജ്യസഭ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഒരുങ്ങി സഖ്യകക്ഷി

യോഗി സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ മാത്രമാണ് ശ്രദ്ധ ഊന്നുന്നതെന്ന് വിമര്‍ശിച്ച രാജ്ബാര്‍ പാവങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ചൂണ്ടികാട്ടി.
ബിജെപി മുന്നണി മര്യാദ പാലിക്കുന്നില്ല; രാജ്യസഭ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഒരുങ്ങി സഖ്യകക്ഷി

ലക്‌നൗ: ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയെ തുടര്‍ന്ന് എന്‍ഡിഎ മുന്നണിയില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു. മുന്നണിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ബിജെപി അടിയന്തര നടപടി സ്വകരിക്കണമെന്നാവശ്യപ്പെട്ട് ഘടകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടിയുടെ അധ്യക്ഷന്‍ രാംവിലാസ് പാസ്വാന്‍ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ മറ്റൊരു ഘടകകക്ഷിയും വിമതസ്വരം ഉയര്‍ത്തുന്നത് ബിജെപിക്ക് തലവേദനയാകുന്നു.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ മന്ത്രിയും ബിജെപിയുടെ സഖ്യകക്ഷിയായ സുഹെല്‍ദേവ് ഭാരതീയ സമാജിന്റെ നേതാവുമായ ഒ പി രാജ്ബാര്‍ ആണ് വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്. യോഗി സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ മാത്രമാണ് ശ്രദ്ധ ഊന്നുന്നതെന്ന് വിമര്‍ശിച്ച രാജ്ബാര്‍ പാവങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ചൂണ്ടികാട്ടി. ജനങ്ങളുടെ ക്ഷേമത്തിനായി നിരവധി വിഷയങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഫലത്തില്‍ ഒരു മാറ്റവും ദൃശ്യമാകുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

325 സീറ്റുകള്‍ നേടി അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാരില്‍ ധാര്‍ഷ്ട്യം പ്രകടമാണ്. മുന്നണി മര്യാദ പോലും പാലിക്കാന്‍ ബിജെപി തയ്യാറാകുന്നില്ല. ഈ പശ്ചാത്തലത്തില്‍ ആസന്നമായിരിക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കണമോ എന്ന കാര്യം പോലും പാര്‍ട്ടി ഗൗരവമായി ആലോചിച്ചുതുടങ്ങി. രാജ്യസഭ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് തങ്ങളുടെ പാര്‍ട്ടിയുമായി സംസാരിക്കാന്‍ അമിത്ഷാ തയ്യാറായില്ലെങ്കില്‍ രാജ്യസഭ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നതിനെ കുറിച്ച് പോലും ചിന്തിക്കുന്നതായി രാജ്ബാര്‍ മുന്നറിയിപ്പ് നല്‍കി. 

നേരത്തെ ഉത്തര്‍പ്രദേശ് ബീഹാര്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഒരു മുന്നറിയിപ്പായി കണ്ട് ബി.ജെ.പി ഇതില്‍ നിന്നും പാഠമുള്‍ക്കൊള്ളണമെന്ന് ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷന്‍ രാംവിലാസ് പാസ്വാന്‍ ആവശ്യപ്പെട്ടു. സമൂഹത്തിലെ ന്യൂനപക്ഷങ്ങളോടും ദളിതരോടുമുള്ള സമീപനത്തില്‍ ബി.ജെ.പി മാറ്റം വരുത്തണമെന്നും പാസ്വാന്‍ ആവശ്യപ്പെട്ടു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്നണി സമവാക്യങ്ങള്‍ മാറുമെന്നതിന്റെ സൂചനയാണ് പാസ്വാന്റെ നിലപാടെന്നാണ് വിലയിരുത്തല്‍.

കേന്ദ്രത്തിലും സംസ്ഥാനത്തും ജനപ്രിയ സര്‍ക്കാരുകള്‍ ഭരിച്ചിട്ടും ഉത്തര്‍പ്രദേശില്‍ ബി.ജെ.പി തോറ്റത് ഞെട്ടലുണ്ടാക്കി. എന്നാല്‍ ബീഹാറില്‍ പ്രതീക്ഷിച്ചത് തന്നെയാണ് നടന്നത്. സമൂഹത്തിലെ ന്യൂനപക്ഷങ്ങളോടും ദളിതരോടുമുള്ള മനോഭാവം ബി.ജെ.പി മാറ്റണം. ബി.ജെ.പിയില്‍ മതനിരപേക്ഷ നേതാക്കളാരുമില്ലേയെന്നും അദ്ദേഹം ചോദിച്ചു. സുശീല്‍ മോദി, രാം കൃപാല്‍ യാദപ് തുടങ്ങിയ നേതാക്കന്മാരുടെ അഭിപ്രായങ്ങള്‍ ബിജെപി അടിച്ചമര്‍ത്തിയിരിക്കുകയാണോയെന്നും പാസ്വാന്‍ ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com