ബിജെപിയില്‍ മതേതര നേതാക്കളില്ലേ?; സമീപനത്തില്‍ മാറ്റം വേണമെന്ന് രാംവിലാസ് പാസ്വാന്റെ മുന്നറിയിപ്പ് 

ബിജെപിയില്‍ മതേതര നേതാക്കളില്ലേ?; സമീപനത്തില്‍ മാറ്റം വേണമെന്ന് രാംവിലാസ് പാസ്വാന്റെ മുന്നറിയിപ്പ് 

പാറ്റ്‌ന: ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ ബിജെപിയെ വിമര്‍ശിച്ച്  ലോക് ജനശക്തി പാര്‍ട്ടി അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാന്‍ രംഗത്ത്. മുന്നണിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ പാസ്വാന്‍ ആവശ്യപ്പെട്ടു. തെലുങ്ക് ദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടതിന് പിന്നാലെ  ഘടകകക്ഷി നേതാവ് നടത്തിയ വിമര്‍ശനസ്വരം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഞെട്ടലുളവാക്കി.


ഉത്തര്‍പ്രദേശ് ബീഹാര്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഒരു മുന്നറിയിപ്പായി കണ്ട് ബി.ജെ.പി ഇതില്‍ നിന്നും പാഠമുള്‍ക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹത്തിലെ ന്യൂനപക്ഷങ്ങളോടും ദളിതരോടുമുള്ള സമീപനത്തില്‍ ബി.ജെ.പി മാറ്റം വരുത്തണമെന്നും പാസ്വാന്‍ ആവശ്യപ്പെട്ടു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്നണി സമവാക്യങ്ങള്‍ മാറുമെന്നതിന്റെ സൂചനയാണ് പാസ്വാന്റെ നിലപാടെന്നാണ് വിലയിരുത്തല്‍.


കേന്ദ്രത്തിലും സംസ്ഥാനത്തും ജനപ്രിയ സര്‍ക്കാരുകള്‍ ഭരിച്ചിട്ടും ഉത്തര്‍പ്രദേശില്‍ ബി.ജെ.പി തോറ്റത് ഞെട്ടലുണ്ടാക്കി. എന്നാല്‍ ബീഹാറില്‍ പ്രതീക്ഷിച്ചത് തന്നെയാണ് നടന്നത്. സമൂഹത്തിലെ ന്യൂനപക്ഷങ്ങളോടും ദളിതരോടുമുള്ള മനോഭാവം ബി.ജെ.പി മാറ്റണം. ബി.ജെ.പിയില്‍ മതനിരപേക്ഷ നേതാക്കളാരുമില്ലേയെന്നും അദ്ദേഹം ചോദിച്ചു. സുശീല്‍ മോദി, രാം കൃപാല്‍ യാദപ് തുടങ്ങിയ നേതാക്കന്മാരുടെ അഭിപ്രായങ്ങള്‍ ബിജെപി അടിച്ചമര്‍ത്തിയിരിക്കുകയാണോയെന്നും പാസ്വാന്‍ ചോദിച്ചു. 

ബീഹാര്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ നിത്യാനന്ദ് റായ്, കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് തുടങ്ങിയവര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രകോപനപരമായ പ്രസ്താവനകളെയും പാസ്വാന്‍ പരോക്ഷമായി വിമര്‍ശിച്ചു.
ബീഹാറിലെ അരാരിയയില്‍ രാഷ്ട്രീയ ജനതാദള്‍ സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ മണ്ഡലം പാകിസ്ഥാന്‍ തീവ്രവാദികളുടെ സുരക്ഷിത താവളമാകുമെന്ന നിത്യാനന്ദ് റായുടെ പ്രസ്താവന ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ, അരാരിയ ഭീകരകേന്ദ്രമായി മാറിയെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്  പ്രകോപനപരമായി പ്രതികരിക്കുകയും ചെയ്തതായി പാസ്വാന്‍ ഓര്‍മ്മിപ്പിച്ചു.

നീണ്ടകാലം ഭരണത്തില്‍ തുടരാന്‍ കോണ്‍ഗ്രസിനെ സഹായിച്ചത് ദളിത്, മുസ്ലീം, ബ്രാഹ്മണ വിഭാഗങ്ങളോട് സ്വീകരിച്ച സമീപനമാണ്. അവരുടെ ക്ഷേമത്തിന് വേണ്ടി കോണ്‍ഗ്രസ് ഒന്നും തന്നെ ചെയ്തില്ലെങ്കിലും, അവരെ കൂടെകൂട്ടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞത് തന്ത്രപരമായ ഇടപെടല്‍ വഴിയാണ്. എന്നാല്‍ ബിജെപി അവരുടെ ക്ഷേമത്തിന് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ തന്ത്രപരമായി ഇടപെടുന്ന കാര്യത്തില്‍ കൂടുതല്‍ കാര്യക്ഷമത പുലര്‍ത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com