'താന്‍ ഇവിടെ വരെ എത്തിയത് ഗാന്ധി എന്ന പേര് ഉളളതുകൊണ്ടുമാത്രം'; കുടുംബവാഴ്ചക്കെതിരെ വരുണ്‍ ഗാന്ധി

സത്യസന്ധമായി പറഞ്ഞാല്‍ ഗാന്ധി എന്ന വാക്ക് എന്റെ പേരിന്റെ കൂടെ ചേര്‍ത്തില്ലായെങ്കില്‍ 29-ാമത്തെ വയസില്‍ താന്‍ എംപിയാകുമെന്ന് കരുതുന്നുണ്ടോയെന്ന് വരുണ്‍ ഗാന്ധി
'താന്‍ ഇവിടെ വരെ എത്തിയത് ഗാന്ധി എന്ന പേര് ഉളളതുകൊണ്ടുമാത്രം'; കുടുംബവാഴ്ചക്കെതിരെ വരുണ്‍ ഗാന്ധി

ന്യൂഡല്‍ഹി: കുടുംബ വാഴ്ചക്കെതിരെ നിലപാട് വ്യക്തമാക്കി ബിജെപി എംപി വരുണ്‍ ഗാന്ധി രംഗത്ത്. ഗാന്ധി എന്ന വാക്ക് എന്റെ പേരിന് പിന്നില്‍ ഇല്ലായിരുന്നുവെങ്കില്‍ രാഷ്ട്രീയത്തില്‍ താന്‍ ഇവിടെ വരെ എത്തില്ലായിരുന്നുവെന്ന് വരുണ്‍ ഗാന്ധി ആത്മവിമര്‍ശനം നടത്തി. രാജ്യത്ത് നിലനില്‍ക്കുന്ന അസന്തുലിതമായ വ്യവസ്ഥിതിയില്‍ നിന്നും ആനുകൂല്യം പറ്റുന്നവരാണ് നാം ഒരോരുത്തരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സത്യസന്ധമായി പറഞ്ഞാല്‍ ഗാന്ധി എന്ന വാക്ക് എന്റെ പേരിന്റെ കൂടെ ചേര്‍ത്തില്ലായെങ്കില്‍ 29-ാമത്തെ വയസില്‍ താന്‍ എംപിയാകുമെന്ന് കരുതുന്നുണ്ടോയെന്ന് വരുണ്‍ ഗാന്ധി ചോദിച്ചു. 32 ആം വയസില്‍ ബിജെപിയുടെ ജനറല്‍ സെക്രട്ടറിയായതും മറ്റൊന്നും കൊണ്ടല്ല. രാജ്യത്തെ യുവ എംപിമാരെയെല്ലാം കണക്കിലെടുത്താല്‍ എല്ലാവരും രാഷ്ട്രീയ പാരമ്പര്യമുളള കുടുംബങ്ങളില്‍ നിന്നുമാണ് ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തിയത് എന്ന് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് മാറ്റം കൊണ്ടുവരാന്‍ യുവാക്കളോട് ആഹ്വാനം ചെയ്ത വരുണ്‍ ഗാന്ധി നിലവിലെ സാഹചര്യത്തില്‍ എത്ര കഴിവുളള വ്യക്തിയാലും രാഷ്ട്രീയത്തില്‍ പ്രവേശിച്ച് ഉന്നത സ്ഥാനങ്ങളില്‍ എത്താന്‍ 25 മുതല്‍ 30 വര്‍ഷം വരെ എടുക്കും. അപ്പോഴെക്കും നിങ്ങള്‍ ക്ഷീണിതരായി തീര്‍ന്നിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിങ്ങളിലുളള കഴിവുകളെ ഇല്ലായ്മ ചെയ്തായിരിക്കും മറ്റു നേട്ടങ്ങള്‍ക്കായുളള നിങ്ങളുടെ പരക്കം പാച്ചില്‍. ഇത് ഒഴിവാക്കി രാജ്യത്ത് മാറ്റം കൊണ്ടുവരാന്‍ പ്രയത്‌നിക്കാന്‍ കോളേജ് വിദ്യാര്‍ത്ഥികളോട് അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ മൊത്തം ആസ്തിയുടെ 91 ശതമാനവും ജനസംഖ്യയുടെ പത്ത് ശതമാനമാണ് കൈവശം വച്ചിരിക്കുന്നത്. ഈ കണക്ക് നോക്കി സാമ്പത്തിക അസമത്വം ഇല്ലെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് അദ്ദേഹം അത്ഭുതപ്പെട്ടു. 25 കോടി രൂപയ്ക്ക് മുകളില്‍ ആസ്തിയുളള എംപിമാരോട് ശമ്പളം ഉപേക്ഷിക്കാന്‍ താന്‍ അപേക്ഷിച്ചു. എന്നാല്‍ എല്ലാവരും താന്‍ ഉന്നയിച്ച ആവശ്യം നിരാകരിച്ചു. അതേസമയം തന്റെ ശമ്പളം ഒരു സംഘടനയ്ക്കാണ് പോകുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com