ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ ഇറാഖില്‍ കൊല്ലപ്പെട്ടു

രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്
ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ ഇറാഖില്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി : ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ ഇറാഖില്‍ കൊല്ലപ്പെട്ടു. രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്. മൊസൂളില്‍ നിന്നാണ് ഇവരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. 2014 ജൂണിലാണ് ഇവരെ ഭീകരര്‍ ബന്ദിക്കളാക്കിയത്. 

മൃതദേഹങ്ങള്‍ ഭീകരര്‍ കൂട്ടത്തോടെ കുഴിച്ചിട്ട നിലയിലായിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെയാണ് ഇവരെ തിരിച്ചറിഞ്ഞതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് മൃതദേഹങ്ങള്‍ ബാഗ്ദാദില്‍ ഡിഎന്‍എ പരിശോധന നടത്താന്‍ ഇടപെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് 39 മൃതദേഹങ്ങള്‍ ഭീകരര്‍ ബന്ദികളാക്കിയ ഇന്ത്യാക്കാരാണെന്ന് വ്യക്തമായതെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു. മൃതദേഹങ്ങള്‍ നാട്ടിലേക്കെത്തിക്കാന്‍ കേന്ദ്രമന്ത്രി വികെ സിംഗ് ഇറാഖിലേക്ക് പോകുമെന്നും സുഷമ സ്വരാജ് പറഞ്ഞു.

പശ്ചിമബംഗാള്‍, ബീഹാര്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ നാലു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്. ഇറാഖില്‍ തൊഴിലാളികളായിരുന്നു ഇവര്‍. ഇവരെ ഐഎസ് ഭീകരര്‍ ബന്ദികളാക്കുകയായിരുന്നു. ഇവര്‍ മരിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും, കേന്ദ്രസര്‍ക്കാര്‍ ഇത് നിഷേധിച്ചിരുന്നു. മരിച്ചതായുള്ള വ്യക്തമായ തെളിവുകള്‍ ലഭിക്കാതെ ഇക്കാര്യം സ്ഥിരീകരിക്കാനാവില്ലെന്നായിരുന്നു കേന്ദ്ര വിദേശകാര്യമന്ത്രാലയം നിലപാട് സ്വീകരിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com