'എപ്പോള്‍ വേണമെങ്കിലും എന്റെ വീട്ടില്‍ മോദി സര്‍ക്കാര്‍ റെയ്ഡ് നടത്തിയേക്കാം', ബിജെപിക്കെതിരെ മന്ത്രി

എപ്പോള്‍ വേണമെങ്കിലും തന്റെ വീട് ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്‌തേക്കാമെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ജലവിഭവശേഷി മന്ത്രി എം ബി പാട്ടീല്‍ നടത്തിയിരിക്കുന്നത്
'എപ്പോള്‍ വേണമെങ്കിലും എന്റെ വീട്ടില്‍ മോദി സര്‍ക്കാര്‍ റെയ്ഡ് നടത്തിയേക്കാം', ബിജെപിക്കെതിരെ മന്ത്രി

ബംഗലൂരു:  ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ണാടക മന്ത്രി. എപ്പോള്‍ വേണമെങ്കിലും തന്റെ വീട് ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്‌തേക്കാമെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ജലവിഭവശേഷി മന്ത്രി എം ബി പാട്ടീല്‍ നടത്തിയിരിക്കുന്നത്. കര്‍ണാടക തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ട്വിറ്ററിലാണ് ബിജെപിയെ വിമര്‍ശിച്ച് പാട്ടീല്‍ രംഗത്തുവന്നത്.

തങ്ങളുടെ നിലപാടുകളെ വെല്ലുവിളിക്കുന്നവരെ ലക്ഷ്യമിട്ട് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി ഭയപ്പെടുത്തി പ്രതികാരം ചെയ്യുന്നതാണ് ബിജെപിയുടെ രീതി. വികസനത്തിന്റെ പേരിലും മറ്റും ബിജെപിയുടെ നിലപാടുകളെ എതിര്‍ക്കുന്നവരെയാണ് ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്നതെന്നും കോണ്‍ഗ്രസ് മന്ത്രി കുറ്റപ്പെടുത്തി.

ലിംഗായത്ത് സമുദായത്തിന് പ്രത്യേക മതപദവി വേണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭപരിപാടികളുടെ മുന്‍നിരയിലുളള സമുദായ നേതാവുകൂടിയാണ് എം ബി പാട്ടീല്‍. കഴിഞ്ഞ ദിവസം കര്‍ണാടക തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പശ്ചാത്തലത്തില്‍ ആദായനികുതി വകുപ്പിനെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതില്‍ നിന്നും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് എം ബി പാട്ടീലിന്റെ ട്വിറ്റ്.

മാസങ്ങള്‍ക്ക് മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ സ്വന്തം മൊബൈല്‍ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണവുമായും എം.ബി.പാട്ടീല്‍ രംഗത്തുവന്നിരുന്നു. ഭാര്യ, മൂത്തമകന്‍, 15 അനുയായികള്‍ എന്നിവരുടെ ഫോണുകളും ചോര്‍ത്തിയതായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്നു സുഹൃത്ത് 15-20 ദിവസം മുന്‍പാണ് അറിയിച്ചത്. തുടര്‍ന്നു ചില വിദഗ്ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണു തന്റെ ഫോണും ചോര്‍ത്തുന്നുണ്ടെന്നു കണ്ടെത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com