രാഹുലിന് തലവേദനയായി കോൺ​ഗ്രസ് സോഷ്യൽ മീഡിയ വിഭാ​ഗം മേധാവിയുടെ അമ്മ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2018 12:24 PM  |  

Last Updated: 21st March 2018 12:24 PM  |   A+A-   |  

 

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന കർണാടകയിൽ ഹൈക്കമാൻഡിന് തലവേദനയുമായി കോൺ​ഗ്രസ് സോഷ്യൽ മീഡിയ വിഭാ​ഗം മേധാവിയുടെ അമ്മ. നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ സീറ്റു വേണമെന്ന ആവശ്യവുമായാണ് കോൺ​ഗ്രസ് സോഷ്യൽ മീഡിയ ഹെഡും നടിയുമായ രമ്യ എന്ന ദിവ്യ സ്പന്ദനയുടെ അമ്മ രഞ്ജിത രം​ഗത്തെത്തിയത്. മാണ്ഡ്യ സീറ്റ് തനിക്ക് മൽസരിക്കാൻ നൽകണമെന്നാണ് അവരുടെ ആവശ്യം. 

നിയമസഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യ സീറ്റ് ലഭിച്ചില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന ഭീഷണിയും രഞ്ജിത ഉയർത്തി.  28 വര്‍ഷം പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടും തനിക്ക് അർഹമായ ഒന്നും ലഭിച്ചിട്ടില്ല. ഇത്തവണ തനിക്ക് മാണ്ഡ്യ സീറ്റും മകള്‍ രമ്യയ്ക്ക് പാര്‍ട്ടിയില്‍ അര്‍ഹമായ പദവിയും നൽകണം. രഞ്ജിത പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു. 

'എ.ഐ.സി.സി സമൂഹ മാധ്യമ വിഭാഗത്തെ നയിക്കുന്നത് രമ്യയാണ് എന്നത് ശരിയാണ്. എന്നാല്‍ മാണ്ഡ്യയിലെ ജനങ്ങള്‍ക്ക് അത് അറിയില്ലല്ലോ ? പാര്‍ട്ടിയില്‍ അര്‍ഹമായ പദവി ലഭിച്ചാല്‍ മാത്രമെ മകളെ ജനം അറിയൂ. അപ്പോള്‍ മാത്രമെ മാണ്ഡ്യയിലെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ മകള്‍ക്ക് കഴിയൂ. കൂടുതല്‍ പ്രാധാന്യമുള്ള പദവിക്ക് രമ്യ അര്‍ഹയാണ്' - രഞ്ജിത അഭിപ്രായപ്പെട്ടു. 

എഐസിസി സോഷ്യൽ മീഡിയ ഹെഡ് രമ്യ

അതേസമയം അമ്മയുടെ ആവശ്യത്തോട് പ്രതികരിക്കാന്‍ രമ്യ തയ്യാറായില്ല. അതിനിടെ മാണ്ഡ്യ സീറ്റ് രമ്യ ലക്ഷ്യം വെക്കുന്നതായി ചില റിപ്പോർട്ടുകളുണ്ട്. എന്നാൽ അത് മാധ്യമസൃഷ്ടി മാത്രമാണെന്നാണ് രമ്യയുടെ പ്രതികരണം.  

2013 ല്‍ മാണ്ഡ്യയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ രമ്യ വിജയിച്ചിരുന്നു. എന്നാല്‍, 2014 ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ജെഡിഎസ് സ്ഥാനാര്‍ഥി സി പുട്ടരാജുവിനോട് 5000 ത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. മുൻമുഖ്യമന്ത്രി എസ് എം കൃഷ്ണയുമായി അടുപ്പമുള്ള വ്യക്തിയാണ് രഞ്ജിത. എന്നാൽ കൃഷ്ണ ബിജെപിയിൽ ചേർന്നപ്പോഴും രഞ്ജിതയും മകളും കോൺ​ഗ്രസിൽ തന്നെ തുടരുകയായിരുന്നു.