രാഹുലിന്റെ വിളി കേട്ട് വീണ്ടും രാജി ; യുപി കോണ്‍ഗ്രസ് അധ്യക്ഷനും രാജിക്കത്ത് നല്‍കി 

കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബാറാണ് തല്‍സ്ഥാനം രാജിവെച്ചതായി ഹൈക്കമാന്‍ഡിനെ അറിയിച്ചത്
രാഹുലിന്റെ വിളി കേട്ട് വീണ്ടും രാജി ; യുപി കോണ്‍ഗ്രസ് അധ്യക്ഷനും രാജിക്കത്ത് നല്‍കി 

ലക്‌നൗ: യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ പ്രചോദനം ഉള്‍ക്കൊണ്ട് ഗോവ സംസ്ഥാന പ്രസിഡന്റ് രാജിവെച്ചതിന് പിന്നാലെ മറ്റൊരു സംസ്ഥാന അധ്യക്ഷനും രാജിവെച്ചു. കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബാറാണ് തല്‍സ്ഥാനം രാജിവെച്ചതായി ഹൈക്കമാന്‍ഡിനെ അറിയിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നാണ് ഹൈക്കമാന്‍ഡ് അടുത്തവ്യത്തങ്ങള്‍ നല്‍കുന്ന സൂചന.

കഴിഞ്ഞ ദിവസം സമാപിച്ച കോണ്‍ഗ്രസ് പ്ലിനറി സമ്മേളനത്തിലാണ് യുവാക്കള്‍ക്ക്് മതിയായ പ്രാതിനിധ്യം പാര്‍ട്ടിയില്‍ നല്‍കണമെന്ന ആവശ്യം രാഹുല്‍ ഗാന്ധി  മുന്നോട്ടുവെച്ചത്. ഇതിന് പിന്നാലെയാണ് ഗോവ സംസ്ഥാന പ്രസിഡന്റ് ശാന്തറാം നായിക്ക് കോണ്‍ഗ്രസിന് മാത്യകയായി രാജിവെച്ചത്. ഉന്നത സ്ഥാനം രാജിവെയ്ക്കുന്ന ആദ്യ പ്രമുഖ നേതാവാണ് ശാന്തറാം നായിക്ക്. ഇതിന് പിന്നാലെയാണ് രാജ് ബബ്ബാര്‍ രാജിവെച്ചതായുളള റിപ്പോര്‍ട്ട് പുറത്തുവന്നത്. 

അതേസമയം രാജ് ബബ്ബാറിന്റെ രാജിയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് വക്താവ്, തീരുമാനമാകുന്നതുവരെ അദ്ദേഹം തല്‍സ്ഥാനത്ത് തുടരുമെന്നും അറിയിച്ചു. ഉത്തര്‍പ്രദേശ് രാജ്യസഭ തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ പാര്‍ട്ടി സജീവ ചര്‍ച്ചകള്‍ നടത്തിവരുന്നതിനിടയില്‍ രാജ് ബബ്ബാര്‍ രാജി വച്ചത് പാര്‍ട്ടിക്ക് സങ്കീര്‍ണത സൃഷ്ടിക്കും.

2017 ജൂലൈയില്‍ കോണ്‍ഗ്രസിന്റെ ഗോവ സംസ്ഥാന അധ്യക്ഷനായി അവരോധിക്കപ്പെട്ട ശാന്താറാം നായിക്ക് കഴിഞ്ഞ ദിവസമാണ് രാജിക്കത്ത് നല്‍കിയത്. മുതിര്‍ന്ന നേതാവ് ലൂയിസിന്‍ഹോ ഫലേറോ രാജിവെച്ച ഒഴിവിലാണ് അദ്ദേഹം സംസ്ഥാന അധ്യക്ഷന്‍ ആയത്.

യുവജനതയ്ക്ക് വഴിയൊരുക്കുന്നതിന്റെ ഭാഗമായാണ് തന്റെ രാജിയെന്ന് ശാന്തറാം നായിക്ക് പ്രതികരിച്ചു.പ്ലീനറി സമ്മേളനത്തില്‍ യുവാക്കളെ കേന്ദ്രീകരിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് തന്റെ രാജിയെന്നും അദ്ദേഹം പറഞ്ഞു.

1984ല്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നായിക്ക് രണ്ടു തവണ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് രാജ്യസഭയിലും എത്തി. പത്തുവര്‍ഷം പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ തയ്യാറുളളവര്‍ നേതൃത്വത്തിലേയ്ക്ക് വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com