ലിംഗായത്ത് പ്രത്യേക മതം : സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മകനും ബിജെപിയിലേക്ക് 

ലിംഗായത്തിന് പ്രത്യേക മതപദവി നല്‍കിയത് സംസ്ഥാനത്ത് ലിംഗായത്ത്-വീരശൈവ വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിയതായി റിപ്പോര്‍ട്ട്
ലിംഗായത്ത് പ്രത്യേക മതം : സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മകനും ബിജെപിയിലേക്ക് 

ബംഗളൂരു : ലിംഗായത്ത് വിഭാഗത്തിനെ പ്രത്യേക മതമായി അംഗീകരിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ തീരുമാനം സംസ്ഥാന കോണ്‍ഗ്രസിലെ ലിംഗായത്ത്- വീരശൈവ വിഭാഗങ്ങള്‍ തമ്മിലുള്ള പോര് രൂക്ഷമാക്കുന്നു. സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് വീരശൈവ വിഭാഗത്തില്‍പ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മകനും ബിജെപിയിലേക്ക് ചേക്കേറാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 

വീരശൈവ ലിംഗായത്ത് വിഭാഗത്തിന്റെ പ്രമുഖ നേതാവും മധ്യ കര്‍ണാടകയിലെ കരുത്തനായ നേതാവുമായ ഷമന്നൂര്‍ ശിവശങ്കരപ്പ എംഎല്‍എയും മകനും സംസ്ഥാന മന്ത്രിയുമായ എസ്എസ് മല്ലികാര്‍ജുനയുമാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ വെല്ലുവിളിച്ച് രംഗത്തെത്തിയത്. ഓള്‍ ഇന്ത്യ വീരശൈവ-ലിംഗായത്ത് മഹാസഭ പ്രസിഡന്റ് കൂടിയാണ് ഷമന്നൂര്‍ ശിവശങ്കരപ്പ. ബിജെപി സംസ്ഥാന പ്രസിഡന്റ് ബി എസ് യെദ്യൂരപ്പയുമായി തുംകൂറില്‍ വെച്ച് ഷമന്നൂര്‍ ശിവശങ്കരപ്പ രഹസ്യകൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. 

ലിംഗായത്തിനെ പ്രത്യേക മതമാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തെ ആദ്യം ശിവശങ്കരപ്പ അനുകൂലിച്ചിരുന്നു. എന്നാല്‍ പിറ്റേദിവസം മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. സര്‍ക്കാര്‍ വീരശൈവ വിഭാഗത്തെ വഞ്ചിച്ചെന്നാണ് ശിവശങ്കരപ്പയുടെ ആക്ഷേപം. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശിവശങ്കരപ്പ വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെ കോണ്‍ഗ്രസിലെ ഒരു പ്രമുഖ നേതാവ് ബിജെപിയിലേക്ക് എത്തുമെന്ന് യെദ്യൂരപ്പ പ്രസ്താവന നടത്തിയിരുന്നു. 

ലിംഗായത്തിന് പ്രത്യേക മതപദവി നല്‍കിയത് സംസ്ഥാനത്ത് ലിംഗായത്ത്-വീരശൈവ വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തുടര്‍നടപടി ആലോചിക്കാന്‍ അടുത്തദിവസം തന്നെ യോഗം ചേരാനിരിക്കുകയാണ് ഇവര്‍. കോണ്‍ഗ്രസിലെ ഇരു വിഭാഗം നേതാക്കള്‍ക്കിടയിലും സര്‍ക്കാര്‍ തീരുമാനത്തില്‍ ഭിന്നാഭിപ്രായം ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ ഷമന്നൂര്‍ ശിവശങ്കരപ്പ നിഷേധിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com