അഴിമതിക്കെതിരെ ലോക്പാല്‍ വേണം;അണ്ണാ ഹസാരെ വീണ്ടും സമരത്തില്‍ 

അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ ലോക്പാല്‍ കൊണ്ടുവരണമെന്ന ആവശ്യപ്പെട്ട് മോദി സര്‍ക്കാരിനെതിരെയാണ് സമരം
അഴിമതിക്കെതിരെ ലോക്പാല്‍ വേണം;അണ്ണാ ഹസാരെ വീണ്ടും സമരത്തില്‍ 

ന്യൂഡല്‍ഹി: അഴിമതി വിരുദ്ധ പോരാളി അണ്ണാ ഹസാരെയുടെ അനിശ്ചിത കാല നിരാഹാര സമരം തുടങ്ങി. യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കി അണ്ണാ ഹസാരെ സമരം നടത്തിയ രാം ലീല മൈതാനം തന്നെയാണ് ഇത്തവണയും തട്ടകം.  അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ ലോക്പാല്‍ കൊണ്ടുവരണമെന്ന ആവശ്യപ്പെട്ട് മോദി സര്‍ക്കാരിനെതിരെയാണ് സമരം.

രാജ്ഘട്ട് സന്ദര്‍ശിച്ച ശേഷം രാംലീല മൈതാനത്തെത്തിയ ഹസാരെ നിരാഹാര സമരം തുടങ്ങിയതായി പ്രഖ്യാപിച്ചു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലികൊടുക്കാന്‍ താന്‍ തയ്യാറാണ്. അങ്ങനെയെങ്കില്‍ അത് ഒരു സൗഭാഗ്യമായി കരുതുമെന്ന് ഹസാരെ പറഞ്ഞു. വിരമിച്ച ജഡ്ജിമാര്‍, ജനപ്രതിനിധികള്‍ എന്നിവരും അദ്ദേഹത്തിന് ഒപ്പമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള കര്‍ഷകരും ഹസാരേക്കൊപ്പമുണ്ട്.

ഭഗത് സിങ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരെ തൂക്കിലേറ്റിയ ദിവസമായതുകൊണ്ടാണ് സമരത്തിന് ഈ ദിവസം തിരഞ്ഞെടുത്തത് എന്ന് ഹസാരെ പറഞ്ഞു.

ഡല്‍ഹിയിലേക്ക് അണികളെ എത്തിക്കാന്‍ ഉദ്ദേശിച്ചിരുന്ന തീവണ്ടികള്‍ സര്‍ക്കാര്‍ റദ്ദാക്കിയതായി ഹസാരെ ആരോപിച്ചു. ജനങ്ങളെ അക്രമാസക്തരാക്കുകയാണ് ഉദ്ദേശ്യം. പോലീസിനെ വിന്യസിച്ചിട്ടുണ്ട്. തനിക്ക് പോലീസ് സുരക്ഷ വേണ്ടെന്ന് പലതവണ കത്തെഴുതി അറിയിച്ചതാണ്. നിങ്ങളുടെ പോലീസിന് എന്നെ സുരക്ഷിതമാക്കാന്‍ ആകില്ല അദ്ദേഹം പത്രലേഖകരോട് പറഞ്ഞു.

2011 ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്താണ് അഴിമതി വിരുദ്ധ ലോക്പാല്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഹസാരെ അനിശ്ചിത കാല സമരം തുടങ്ങിയത്. ഇന്നത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്  കെജ്രിവാളും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ എന്ന സന്നദ്ധ സംഘടനയും ശക്തമായ പിന്തുണയുമായി കൂടെയുണ്ടായിരുന്നു. ഇത്തവണ ഇവരുടയോന്നും പിന്തുണയില്ലാതെയാണ് അണ്ണാ ഹസാരെ സമരത്തിനിറങ്ങിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com