ബിജെപി ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങി നിതീഷ് കുമാര്‍; പുതിയ സഖ്യത്തിന് നീക്കം

ബിജെപി ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങി നിതീഷ് കുമാര്‍; പുതിയ സഖ്യത്തിന് നീക്കം

ബിഹാര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിക്കേറ്റ തിരിച്ചടിക്ക് പിന്നാലെ ബിജെപിയും ഘടകകക്ഷികളും തമ്മില്‍ അകലുന്നതായി റിപ്പോര്‍ട്ട്

പട്‌ന: ബിഹാര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിക്കേറ്റ തിരിച്ചടിക്ക് പിന്നാലെ ബിജെപിയും ഘടകകക്ഷികളും തമ്മില്‍ അകലുന്നതായി റിപ്പോര്‍ട്ട്. നിതീഷ് കുമാറിന്റെ ജെഡിയുവും രാം വിലാസ് പാസ്വാന്റെ എല്‍ജെപിയും പുതിയ രാഷ്ട്രീയ സാധ്യതകള്‍ തേടുന്നതായാണ് വിവരം.ബിജെപിയുടെ വിഭജന രാഷ്ട്രീയവും ഉന്നത ജാതി വിഭാഗക്കാരോടുളള ആഭിമുഖ്യവുമാണ് ബീഹാര്‍ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമെന്നാണ് ഇരുപാര്‍ട്ടികളുടെയും വിലയിരുത്തല്‍. ഇതില്‍ പാഠമുള്‍ക്കൊണ്ട് സംസ്ഥാനത്ത് ഒരു മൂന്നാം മുന്നണി രൂപികരിക്കുന്നതിനുളള സാധ്യതയാണ് ഇരുപാര്‍ട്ടികളും തേടുന്നത്.

ബി.ജെ.പി തെറ്റുതിരുത്താന്‍ തയ്യാറാവുന്നില്ലെങ്കില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ ഭാഗമായി നില്‍ക്കുക എന്നത് ജെ.ഡി.യുവിനും എല്‍.ജെ.പിയ്ക്കും ആത്മഹത്യ ചെയ്യുന്നതിന് തുല്യമായിരിക്കുമെന്ന് മുതിര്‍ന്ന ജെഡിയു നേതാവ് പ്രതികരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനിടെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പുതിയ സഖ്യത്തെക്കുറിച്ച് രാം വിലാസ് പാസ്വാനുമായി ചര്‍ച്ചകള്‍ നടത്തിയതായും സൂചനയുണ്ട്. 

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ എന്‍.ഡി.എ സഖ്യത്തെ പരാജയപ്പെടുത്തി ആര്‍.ജെ.ഡി മികച്ച വിജയം നേടിയതാണ് എന്‍.ഡി.എ നേതാക്കളായ നിതീഷ് കുമാറിനെയും രാം വിലാസ് പാസ്വാനെയും പുതിയ മുന്നണിയുടെ ആലോചനയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ മാസം ആദ്യം പുറത്തുവന്ന ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ അറാറിയ ലോക്‌സഭാ മണ്ഡലത്തിലും ജെഹ്‌നാബാദ് നിയമസഭാ മണ്ഡലത്തിലും ബി.ജെ.പി സഖ്യത്തെ പരാജയപ്പെടുത്തി ആര്‍.ജെ.ഡി മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ബാബുവ മണ്ഡലത്തില്‍ മാത്രമായിരുന്നു ബി.ജെ.പിയ്ക്ക് ജയിക്കാന്‍ കഴിഞ്ഞത്.

സംസ്ഥാനത്തെ ജനങ്ങള്‍ ബി.ജെ.പിയുടെ രാഷട്രീയത്തിനെതിരാണെന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്ന് നിതീഷും സംഘവും വിലയിരുത്തുന്നു. കഴിഞ്ഞവര്‍ഷം അവസാനം എന്‍.ഡി.എയുമായി സഖ്യത്തിലേര്‍പ്പെട്ട ജനതാദള്‍ (യു) ബന്ധത്തെയും ജനങ്ങള്‍ തളളികളഞ്ഞതിന്റെ തെളിവാണിതെന്നും നേതാക്കള്‍ ആശങ്കപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com