യുപി രാജ്യസഭ തെരഞ്ഞെടുപ്പില്‍ നാടകീയ നീക്കം; എസ്പി ബിഎസ്പി അംഗങ്ങള്‍ കൂറുമാറി, നേട്ടം കൊയ്യാന്‍ ബിജെപി 

സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണയോടെ ഒരു സീറ്റില്‍ ജയിക്കാമെന്ന ബിഎസ്പിയുടെ മോഹങ്ങള്‍ക്ക് ബിജെപിയുടെ പൂഴിക്കടകന്‍.
യുപി രാജ്യസഭ തെരഞ്ഞെടുപ്പില്‍ നാടകീയ നീക്കം; എസ്പി ബിഎസ്പി അംഗങ്ങള്‍ കൂറുമാറി, നേട്ടം കൊയ്യാന്‍ ബിജെപി 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് രാജ്യസഭ തെരഞ്ഞെടുപ്പില്‍ നാടകീയ രംഗങ്ങള്‍. സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണയോടെ ഒരു സീറ്റില്‍ ജയിക്കാമെന്ന ബിഎസ്പിയുടെ മോഹങ്ങള്‍ക്ക് ബിജെപിയുടെ പൂഴിക്കടകന്‍. ഒരു ബിഎസ്പി എംഎല്‍എയും ഒരു സമാജ്് വാദി പാര്‍ട്ടി എംഎല്‍എയും കൂറുമാറി ബിജെപിക്ക് വോട്ടുചെയ്തു. ബിഎസ്പി എംഎല്‍എ അനില്‍ സിംഗാണ് ബിജെപിക്ക് അനുകൂലമായി വോട്ടുചെയ്തത്. ഇക്കാര്യം അദ്ദേഹം മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. അതേസമയം മറ്റുളളവരുടെ കാര്യം തനിക്ക് അറിയില്ലെന്നും അദ്ദേഹം അറിയിച്ചു. അടുത്തിടെ സമാജ് വാദി പാര്‍ട്ടി വിട്ട് ബിഎസ്പിയില്‍ ചേര്‍ന്ന നരേഷ് അഗര്‍വാളിന്റെ മകന്‍ നിതിന്‍ അഗര്‍വാളാണ് ബിജെപിക്ക് വേണ്ടി കൂറുമാറി വോട്ടുചെയ്ത മറ്റൊരു എംഎല്‍എ.

10 രാജ്യസഭ സീറ്റുകളിലേക്കാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ കക്ഷി നില അനുസരിച്ച് എട്ടു സീറ്റുകളില്‍ ബിജെപിക്ക് അനായാസം വിജയിക്കാം. ബാക്കി രണ്ട് സീറ്റുകളില്‍ ഒരെണ്ണത്തില്‍ എസ്പിക്കും വിജയം എളുപ്പമാണ്. 37 വോട്ടുകളാണ് ഒരു സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് ആവശ്യം. 47 വോട്ടുകളുളള സമാജ് വാദി പാര്‍ട്ടിക്ക് ഒരു സ്ഥാനാര്‍ത്ഥിയെ എളുപ്പം വിജയിപ്പിക്കാനാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

അവശേഷിക്കുന്ന ഒരു  സീറ്റിലാണ് മത്സരം കനക്കുന്നത്. ഇവിടെ ബിഎസ്പി സ്ഥാനാര്‍ത്ഥിയെയാണ് പ്രതിപക്ഷം നിര്‍ത്തിയിരിക്കുന്നത്. 19 എംഎല്‍എമാര്‍ ഉളള ബിഎസ്പിക്ക് സമാജ് വാദി പാര്‍ട്ടിയുടെയും മറ്റ് ബിജെപി ഇതര പാര്‍ട്ടികളുടെയും പിന്തുണയുണ്ടെങ്കിലേ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനാകൂ. ഇവിടെ സമാജ് വാദി പാര്‍ട്ടിയുടെയും ബിഎസ്പിയുടെയും വോട്ടുകളില്‍ വിളളല്‍ വീഴ്ത്തി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുളള ശ്രമത്തിലാണ് ബിജെപി. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായാണ് തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

രാജ്യസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരിക്കുന്ന ഒന്‍പതുപേരും വിജയിക്കുമെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കേശവ് പ്രസാദ് മൗര്യ മാധ്യമങ്ങളോട് പറഞ്ഞു. സമാനമായ പ്രതികരണമാണ് അടുത്തിടെ സമാജ് വാദി പാര്‍ട്ടി വിട്ടു ബിജെപി കൂടാരത്തില്‍ കയറിയ നരേഷ് അഗര്‍വാളിന്റെ മകന്‍ നിതിന്‍ അഗര്‍വാളും നടത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com