ഇതുകൊണ്ടൊന്നും ഞങ്ങളെ തകര്‍ക്കാമെന്ന് കരുതേണ്ട; ബിജെപിക്ക് മുന്നില്‍ ഒരിഞ്ച് പോലും താഴില്ലെന്ന് മായാവതി 

ഉത്തര്‍പ്രദേശ് രാജ്യസഭ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന്റെ തുടര്‍ച്ചയായി ബിഎസ്പി- സമാജ്‌വാദി പാര്‍ട്ടി സഖ്യത്തില്‍ വിളളല്‍ വീഴുമെന്ന ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി
ഇതുകൊണ്ടൊന്നും ഞങ്ങളെ തകര്‍ക്കാമെന്ന് കരുതേണ്ട; ബിജെപിക്ക് മുന്നില്‍ ഒരിഞ്ച് പോലും താഴില്ലെന്ന് മായാവതി 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് രാജ്യസഭ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന്റെ തുടര്‍ച്ചയായി ബിഎസ്പി- സമാജ്‌വാദി പാര്‍ട്ടി സഖ്യത്തില്‍ വിളളല്‍ വീഴുമെന്ന ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. തെരഞ്ഞെടുപ്പില്‍  കുതിരക്കച്ചവടം നടത്തിയ ബിജെപിക്ക് മുന്നില്‍ ഞങ്ങള്‍ ഒരു ഇഞ്ച് പോലും താഴില്ലെന്ന ഉറച്ച നിലപാടുമായി ബിഎസ്പി നേതാവ് മായാവതി രംഗത്തുവന്നു. രാഷ്ട്രീയത്തിന് നിരക്കാത്ത ഇത്തരം പ്രവൃത്തികള്‍ വഴി ഞങ്ങളുടെ സഖ്യം പിരിയ്ക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും മായാവതി മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം നടന്ന രാജ്യസഭ ഉപതെരഞ്ഞെടുപ്പില്‍ പത്ത് സീറ്റുകളില്‍ ഒന്‍പതും നേടി ബിജെപി മികച്ച വിജയമാണ് കാഴ്ചവെച്ചത്. ബിഎസ്പി , എസ്പി പാര്‍ട്ടികളെ പിളര്‍ത്തി ബിജെപി ഒന്‍പതാം സീറ്റില്‍ വിജയിച്ചത് രാഷ്ട്രീയരംഗത്ത് ചലനം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ ബിഎസ്പി - സമാജ് വാദി പാര്‍ട്ടി സഖ്യത്തിനും സ്വാഭാവികമായ അന്ത്യമുണ്ടാകുമെന്ന വിലയിരുത്തലുകളും തകൃതിയായി അരങ്ങേറി. ഈ പശ്ചാത്തലത്തിലാണ് മായാവതിയുടെ പ്രസ്താവന.

തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത് ഭാവിയിലേക്കുളള ചൂണ്ടുപലകയാണെന്നാണ് ബിഎസ്പിയുടെ വിലയിരുത്തല്‍. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ സാധ്യമായ എല്ലാ തന്ത്രങ്ങളും പയറ്റിയിട്ടും സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തങ്ങള്‍ക്ക് ഒപ്പം നിലയുറപ്പിച്ചത് വിജയമായിട്ടാണ് ബിഎസ്പി കാണുന്നത്. കേവലം ഒരു രാജ്യസഭ തെരഞ്ഞെടുപ്പ് സഖ്യം എന്നതില്‍ കവിഞ്ഞ് ബിജെപിയുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ വിശാല സഖ്യം വേണമെന്ന ചിന്തയാണ് എസ്പിയെയും കോണ്‍ഗ്രസിനെയും തങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നും ബിഎസ്പി കരുതുന്നു.

സ്ഥാനാര്‍ത്ഥിയായി മത്സരിച്ച  ഭീംറാം അംബേദ്ക്കറെ വിജയിപ്പിക്കാന്‍ ബിഎസ്പിക്ക് 37 വോട്ടുകളാണ് വേണ്ടിയിരുന്നത്. 19 വോട്ടുകള്‍ കൈവശമുണ്ടായിരുന്ന ബിഎസ്പിക്ക് രണ്ടു വോട്ടുകള്‍ നഷ്ടപ്പെട്ടു. മുക്താര്‍ അന്‍സാരി എംഎല്‍എ ജയിലിലായതും, അനില്‍ സിംഗ് ബിജെപിക്ക് അനുകൂലമായി വോട്ടുചെയ്തതുമാണ് ഇതിന്  കാരണം. ഇതോടെ 17 വോട്ടുകളായി ബിഎസ്പി ചുരുങ്ങി. എന്നാല്‍ ബിഎസ്പി- കോണ്‍ഗ്രസ് ഭാഗത്തുനിന്നും 16 വോട്ടുകള്‍ ലഭിച്ചതാണ് ബിഎസ്പിക്ക് ആത്മവിശ്വാസം പകരുന്നത്. വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബിജെപി വലിയ തോതില്‍ നടത്തിയ ഇടപെടല്‍ വിജയിച്ചില്ലെന്നാണ് ബിഎസ്പിയുടെ വിലയിരുത്തല്‍. ഇത് ഭാവിയില്‍ ബിജെപിക്കെതിരെ ശക്തമായ ഒരു മുന്നണിയെ നിര്‍ത്താന്‍ പര്യാപ്തമാണെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു.

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എസ്പി- ബിഎസ്പി സഖ്യത്തില്‍ വിളളല്‍ വീഴ്ത്താന്‍ ലക്ഷ്യമിട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവനയും വിജയിച്ചില്ല. ബിഎസ്പിയുടെ പിന്നില്‍ നിന്നും എസ്പി കുത്തിയെന്നായിരുന്നു തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുളള യോഗിയുടെ പ്രതികരണം.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ കണക്കുകള്‍  പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയുടെ പ്രതികരണവും സഖ്യത്തെ അങ്ങനെയൊന്നും തകര്‍ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്നതാണ്. ബിഎസ്പി സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയിലും എസ്പിയും കോണ്‍ഗ്രസും നല്‍കിയ പിന്തുണയെ വിശദീകരിക്കാനാണ് അദ്ദേഹം സമയം ചെലവഴിച്ചത്. സഖ്യത്തിന് ഉലച്ചല്‍ തട്ടരുതെന്ന സൂക്ഷ്മതയോടെയായിരുന്നു അദ്ദേഹത്തിന്റെ ഓരോ വാക്കും. പഴി മുഴുവന്‍ ബിജെപിയുടെ മുകളില്‍ ചാരിയായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com