ദേവഗൗഡയ്ക്ക് കനത്ത തിരിച്ചടി ; ഏഴ് ജെഡിഎസ് എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്

ഇവര്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മൈസൂരില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് കോണ്‍ഗ്രസ് അംഗത്വം സീകരിക്കും 
ദേവഗൗഡയ്ക്ക് കനത്ത തിരിച്ചടി ; ഏഴ് ജെഡിഎസ് എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്

ബംഗലൂരു : കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ജനതാദള്‍ എസിന് കനത്ത തിരിച്ചടി. ജെഡിഎസില്‍ നിന്നുള്ള ഏഴ് വിമത എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചു. ഞായറാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മൈസൂരില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് കോണ്‍ഗ്രസ് അംഗത്വം സീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 


ജെഡിഎസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഏഴ് എംഎല്‍എമാരും നിയമസഭാംഗത്വം രാജിവെച്ചുകൊണ്ടുള്ള കത്ത് സ്പീക്കര്‍ക്ക് കൈമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്തിരുന്നു. ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമിയുടെ പ്രവര്‍ത്തനത്തോട് അതൃപ്തി പ്രകടിപ്പിച്ചാണ് ഇവര്‍ പാര്‍ട്ടി തീരുമാനം ലംഘിച്ച് വോട്ടു ചെയ്തത്. 

ബി എസ് സമീര്‍ അഹമ്മദ് ഖാന്‍ ( ചാമരാജ് പേട്ട് ), എന്‍ ചെലുവരായ സ്വാമി ( നാഗമംഗല), അഖണ്ഡ സ്രീനിവാസ മൂര്‍ത്തി( പുലകേശി നഗര്‍), എച്ച് സി ബാലകൃഷ്ണ ( മഗഡി), ഭീമ നായിക് ( ഹഗരിബൊമ്മനഹള്ളി), രമേശ് ബന്ദിസിദ്ധെ ഗൗഡ( ശ്രീരംഗപട്ടണ), ഇഖ്ബാല്‍ അന്‍സാരി ( ഗംഗാവതി ) എന്നിവരാണ് ജെഡിഎസ് വിട്ടത്. പാര്‍ട്ടി തീരുമാനം ലംഘിച്ചതിന് ഏഴ് എംഎല്‍എമാരെയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

ഏഴ് എംഎല്‍എമാര്‍ക്ക് പുറമെ, മുതിര്‍ന്ന ജെഡിഎസ് നേതാവ് എന്‍സി നാനയ്യയും കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ചെലുവരായസ്വാമി കഴിഞ്ഞദിവസം കര്‍മാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com