ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനെയും പിന്തുണയ്ക്കും ; മലക്കം മറിഞ്ഞ് പ്രകാശ് കാരാട്ട്

പ്രമുഖ ബിജെപി വിരുദ്ധ പാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടായി നിലകൊള്ളണം. ചെറു പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളും ഈ കൂട്ടുകെട്ടിനെ പിന്തുണയ്ക്കണം
ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനെയും പിന്തുണയ്ക്കും ; മലക്കം മറിഞ്ഞ് പ്രകാശ് കാരാട്ട്

ന്യൂഡല്‍ഹി : രാജ്യത്ത് സംഘപരിവാര്‍ ശക്തികളുടെ വളര്‍ച്ച തടയാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ബിജെപിയെ തോല്‍പ്പിക്കാന്‍ ആവശ്യമെങ്കില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും കാരാട്ട് വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ പോലും കോണ്‍ഗ്രസുമായി യാതൊരു ബന്ധവും പാടില്ലെന്ന മുന്‍ നിലപാടില്‍ നിന്നുള്ള മയപ്പെടലാണ് കാരാട്ടിന്റെ പ്രസ്താവനയെന്നാണ് വിലയിരുത്തപ്പെടുന്നത്. 

സിപിഎം മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയിലെ ലേഖനത്തിലാണ് കാരാട്ട് കോണ്‍ഗ്രസ് ബന്ധത്തില്‍ നിലപാട് മയപ്പെടുത്തിയത്. ബിജെപിയെ തോല്‍പ്പിക്കുന്നതിന്, ഭാവിയിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ യുപിയിലെ ഉപതെരഞ്ഞെടുപ്പുകള്‍ നല്‍കുന്ന പാഠം വളരെ പ്രധാനപ്പെട്ടതാണ്. പ്രമുഖ ബിജെപി വിരുദ്ധ പാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടായി നിലകൊള്ളണം. ചെറു പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളും ഈ കൂട്ടുകെട്ടിനെ പിന്തുണയ്ക്കണം. കാരാട്ട് ലേഖനത്തില്‍ ആവശ്യപ്പെട്ടു. 

അതേസമയം തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തില്‍, ഫെഡറല്‍ പാര്‍ട്ടികളുടെ കൂട്ടായ്മയായ മൂന്നാം മുന്നണി വിജയിക്കില്ലെന്ന് കാരാട്ട് അഭിപ്രായപ്പെട്ടു. ബിജെപി വിരുദ്ധ, കോണ്‍ഗ്രസ് വിരുദ്ധ മുന്നണിയാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കുന്നതിന് പകരം വിഘടിച്ചുനിന്നാല്‍ ഇതിന്റെ ഗുണം ബിജെപിക്കാകും ലഭിക്കുക. സിപിഎമ്മിന് കനത്ത തിരിച്ചടി നേരിട്ട പശ്ചിമ ബംഗാളിലും ത്രിപുരയിലും, ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ സഖ്യത്തിനുള്ള വാതിലുകളും എഡിറ്റോറിയലില്‍ പ്രകാശ് കാരാട്ട് തുറന്നിടുന്നു. 

ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണയാകാമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ പ്രകാശ് കാരാട്ടും കേരള ഘടകവും നഖശിഖാന്തം എതിര്‍ത്തിരുന്നു. കോണ്‍ഗ്രസുമായി യാതൊരു കൂട്ടുകെട്ടും പാടില്ലെന്നാണ് കാരാട്ടും പിണറായി വിജയനും അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടുന്ന, പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരടുരാഷ്ട്രീയ പ്രമേയം സിപിഎം അംഗീകരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com