മണല്‍ മാഫിയ- പൊലീസ് അവിശുദ്ധ കൂട്ടുകെട്ട് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ ട്രക്ക് കയറ്റി കൊന്നു

മണല്‍ മാഫിയയ്‌ക്കെതിരായ പോരാട്ടത്തിലുടെ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനെ ട്രക്ക് കയറ്റി കൊന്നു
മണല്‍ മാഫിയ- പൊലീസ് അവിശുദ്ധ കൂട്ടുകെട്ട് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ ട്രക്ക് കയറ്റി കൊന്നു

ഭോപ്പാല്‍: മണല്‍ മാഫിയയ്‌ക്കെതിരായ പോരാട്ടത്തിലുടെ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനെ ട്രക്ക് കയറ്റി കൊന്നു.  മധ്യപ്രദേശിലെ ചമ്പല്‍ മേഖലയിലാണു സംഭവം. ഭിണ്ഡ് നഗരത്തിലെ പ്രാദേശിക മണല്‍ മാഫിയയും പൊലീസും തമ്മിലുള്ള ഒത്തുകളി ഒളിക്യാമറ ഓപ്പറേഷനുകളിലൂടെ പുറത്തുകൊണ്ടുവന്ന സന്ദീപ് ശര്‍മയാണു (35) കൊല്ലപ്പെട്ടത്. സംഭവം വിവാദമായതോടെ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ രംഗത്തെത്തി.

സന്ദീപിനെ ട്രക്കിടിച്ചു വീഴ്ത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സന്ദീപിനെ ഇടിച്ചശേഷം ട്രക്കുമായി െ്രെഡവര്‍ കടന്നുകളഞ്ഞു. സന്ദീപ് തല്‍ക്ഷണം മരിച്ചു.

മണല്‍ മാഫിയയ്‌ക്കെതിരെ വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ സന്ദീപ് ശര്‍മയുടെ ജീവനു ഭീഷണിയുണ്ടായിരുന്നതായി പറയുന്നു. തുടര്‍ന്ന്, ജീവനു ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം പൊലീസിനു കത്തും നല്‍കിയിരുന്നു. സന്ദീപിനെ കുറെനേരം ട്രക്ക് പിന്തുടരുന്നതും ഇടിച്ചിടുന്നതും തുടര്‍ന്നു ദേഹത്തുകൂടി വാഹനം കയറിപ്പോകുന്നതും സമീപത്തെ സിസിടിവി ക്യാമറകളില്‍നിന്നുള്ള ദൃശ്യങ്ങളില്‍ കാണാം.

സന്ദീപ് ശര്‍മയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിനും മധ്യപ്രദേശ് സര്‍ക്കാര്‍ രൂപം നല്‍കി. ഒരു പ്രമുഖ ദേശീയ വാര്‍ത്താ ചാനലില്‍ ജോലി ചെയ്തിരുന്ന സന്ദീപ് ശര്‍മ, ഏതാനും മാസങ്ങള്‍ക്കു മുന്‍പാണു മണല്‍ മാഫിയയും പൊലീസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com