"മരിക്കാനെങ്കിലും അനുവദിക്കണം"; മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് കര്‍ഷകരുടെ നിവേദനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th March 2018 11:43 AM  |  

Last Updated: 26th March 2018 11:43 AM  |   A+A-   |  

 

മുംബൈ : മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിന് വീണ്ടും തലവേദന സൃഷ്ടിച്ച് കര്‍ഷക സമരം. മരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഒരുപറ്റം കര്‍ഷകര്‍ രംഗത്തെത്തിയതാണ് ഫട്‌നാവിസിന് പുതിയ തലവേദന സൃഷ്ടിച്ചത്. വിളകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ 91 കര്‍ഷകരാണ് രംഗത്തെത്തിയത്. 

ദേശീയപാത വീകസനത്തിനായി ഏറ്റെടുത്ത തങ്ങളുടെ ഭൂമിക്ക് അര്‍ഹമായ നഷ്ടപരിഹാരം ഇതുവരെ സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും കര്‍ഷകര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്ക് ദയാവധം എങ്കിലും അനുവദിക്കണമെന്ന് ഇവര്‍ സംസ്ഥാന ഗവര്‍ണര്‍ക്കും, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെടുന്നു. 

സര്‍ക്കാരിന്റെ നിരന്തര അവഗണനയെതുടര്‍ന്ന് ജീവിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. തങ്ങളുടെ കുടുംബത്തിന് ഭക്ഷണം പോലും നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ ദയാവധം അനുവദിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. 

ദയാവധം ആവശ്യപ്പെട്ടുകൊണ്ട് കര്‍ഷകര്‍ സര്‍ക്കാരിനെ സമീപിച്ചത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ബിജെപി സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കും. ഈ മാസം ആദ്യം 30,000 ഓളം കര്‍ഷകര്‍ മുംബൈയിലേക്ക് നടത്തിയ ലോങ്മാര്‍ച്ച് രാജ്യത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തുടര്‍ന്ന് കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷക പ്രക്ഷോഭം അവസാനിപ്പിച്ചത്.