"മോദി പ്രഭാവ"ത്തിന് പിന്നില്‍ ഒഴുകിയത് കോടികള്‍ ; പരസ്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചത് 3755 കോടി

പരസ്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ചെലവാക്കിയത് 3755 കോടിരൂപയാണെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു
"മോദി പ്രഭാവ"ത്തിന് പിന്നില്‍ ഒഴുകിയത് കോടികള്‍ ; പരസ്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചത് 3755 കോടി

ന്യൂഡല്‍ഹി : രാജ്യത്തെങ്ങും 'മോദി പ്രഭാവം' നിലനിര്‍ത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചത് കണ്ണുതള്ളിപ്പോകുന്ന അത്രയും തുക. പരസ്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ചെലവാക്കിയത് 3755 കോടിരൂപയാണെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ ചെവലാക്കിയ തുകയാണ് ഇത്രയും. 

2014 ഏപ്രില്‍ മുതല്‍ 2017 ഒക്ടോബര്‍ വരെ ഇലക്ട്രോണിക്, പത്ര മാധ്യമങ്ങള്‍, ഔട്ട്‌ഡോര്‍ പബ്ലിസിറ്റി എന്നിവക്കായി  ചെലവാക്കിയത് 37,54,06,23,616 രൂപയാണ്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഗ്രേറ്റര്‍ നോയ്ഡ സ്വദേശിയായ സാമൂഹ്യ പ്രവര്‍ത്തകന്‍ രാംവീര്‍ തന്‍വാറാണ് വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത്. 

കേഖകള്‍ പ്രകാരം, കമ്യൂണിറ്റി റേഡിയോ, ഡിജിറ്റല്‍ സിനിമ, ദുരദര്‍ശന്‍, ഇന്റര്‍നെറ്റ്, എസ്എംഎസ്, ടിവി, തുടങ്ങി ഇലക്ട്രോണിക് മീഡിയ വഴിയുള്ള പരസ്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ചെലവാക്കിയത് 1,656 കോടിയാണ്. അച്ചടി മാധ്യമങ്ങള്‍ വഴിയുള്ള പരസ്യത്തിന് 1,698 കോടിയും ചെലവഴിച്ചു. 

പരസ്യ ഹോര്‍ഡിംഗ്‌സ്, പോസ്റ്ററുകള്‍, ബുക്ക്‌ലെറ്റ്‌സ്, കലണ്ടറുകള്‍ തുടങ്ങിയവക്കായി ചെലവഴിച്ചത് 399 കോടി. പരസ്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇതുവരെ വിനിയോഗിച്ചത്, വാര്‍ഷിക ബജറ്റില്‍ മന്ത്രാലയങ്ങള്‍ക്കോ, സര്‍ക്കാരിന്റെ പ്രത്യേക പദ്ധതികള്‍ക്കോ നീക്കിവെച്ച തുകയേക്കാള്‍ ഇരട്ടിയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ സര്‍ക്കാര്‍ അലോട്ട് ചെയ്തത് വെറും 56.8 കോടി രൂപ മാത്രമാണെന്നിരിക്കെയാണ്, പരസ്യങ്ങള്‍ക്കായി ഇത്രയും ഭീമമായ തുക ചെലവിട്ടത്. 


2016 ല്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയത് പ്രകാരം, പരസ്യങ്ങള്‍ക്കായി 2014 ജൂണ്‍ മുതല്‍ 2016 ആഗസ്റ്റ് 31 വരെ 1,100 കോടി ചെലവാക്കിയിരുന്നു. ഇത് വര്‍ഷം തിരിച്ച് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് 2014 ജൂണ്‍ 1 മുതല്‍ 2015 മാര്‍ച്ച് 31 വരെ 448 കോടിയും, 2015 ഏപ്രില്‍ ഒന്നു മുതല്‍ 2016 മാര്‍ച്ച് 31 വരെ 542 കോടിയും, 2016 ഏപ്രില്‍ ഒന്നുമുതല്‍ 2016 ആഗസ്റ്റ് 31 വരെ 120 കോടിയും ചെലവാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍കി ബാത് പരിപാടിയുടെ പത്രങ്ങളിലൂടെയുള്ള പരസ്യങ്ങല്‍ക്കായി മാത്രം 2015 ല്‍ 8.5 കോടി ചെലവാക്കിയതായി നേരത്തെ വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com