ലോക്‌സഭയിലെ ഭരണകക്ഷി എംപിമാരെ മോദിക്ക് വിശ്വാസമില്ലേ ? അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാത്തതിനെതിരെ യെച്ചൂരി

2014 ലെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ വോട്ടുകളെല്ലാം ഭിന്നിച്ചുപോയി. 2019 ല്‍ ഇവയെല്ലാം ഒരുമിപ്പിക്കാനാണ് ശ്രമം
ലോക്‌സഭയിലെ ഭരണകക്ഷി എംപിമാരെ മോദിക്ക് വിശ്വാസമില്ലേ ? അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാത്തതിനെതിരെ യെച്ചൂരി

രാജ്‌കോട്ട് : കേന്ദ്രസര്‍ക്കാരിനെതിരെ തെലുങ്കുദേശം പാര്‍ട്ടിയും വൈഎസ്ആര്‍ കോണ്‍ഗ്രസും നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കാത്തതിനെതിരെ ആഞ്ഞടിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ലോക്‌സഭയിലെ എന്‍ഡിഎ അംഗങ്ങളെ വിശ്വാസമില്ലാത്തതുകൊണ്ടാണോ, ബിജെപി അവിശ്വാസ പ്രമേയ നോട്ടീസ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാത്തതെന്ന് യെച്ചൂരി ചോദിച്ചു. ലോക്‌സഭയിലെ അംഗബലത്തില്‍ കേന്ദ്രസര്‍ക്കാരിന് വിശ്വാസമില്ല. അതല്ലാതെ, അവിശ്വാസം ചര്‍ച്ച ചെയ്യാത്തതിന് മറ്റൊരു കാരണവും തനിക്ക് തോന്നുന്നില്ലെന്ന് യെച്ചൂരി പറഞ്ഞു. 

അംഗങ്ങളില്‍ വിശ്വാസമുണ്ടെങ്കില്‍ അവിശ്വാസം സഭയില്‍ ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നതെന്തിന്. സ്വന്തം ഭൂരിപക്ഷത്തെക്കുറിച്ച് അവര്‍ക്ക് ആത്മവിശ്വാസമില്ല. സഭയില്‍ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേരിടണമെന്നാണ് ഇടതുപക്ഷത്തിന്റെ ആഗ്രഹമെന്നും യെച്ചൂരി പറഞ്ഞു. 

2019 ല്‍ ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരുമിക്കണം. 2014 ലെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ വോട്ടുകളെല്ലാം ഭിന്നിച്ചുപോയി. 2019 ല്‍ ഇവയെല്ലാം ഒരുമിപ്പിക്കാനാണ് ശ്രമം. എന്നാല്‍ ഇതിന് ദേശീയ തലത്തില്‍ ഫോര്‍മുലയൊന്നും ഇല്ല. അത് ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്. കോണ്‍ഗ്രസുമായോ, മറ്റു പാര്‍ട്ടികളുമായോ സിപിഎം തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കില്ലെന്നും യെച്ചൂരി പറഞ്ഞു. 

ബിജെപി തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയം നേടുന്നു എന്ന പ്രചരണം ശരിയല്ല. ഗോരഖ്പൂരിലും ഫൂല്‍പൂരിലും എന്താണ് സംഭവിച്ചത് ?. അരാരിയയില്‍ സംഭവിച്ചതെന്താണ്?. രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പിലും സംഭവിച്ചതെന്താണ്?. അതേസമയം തെരഞ്ഞെടുപ്പില്‍ തോറ്റാലും സര്‍ക്കാര്‍ ഉണ്ടാക്കുന്നതില്‍ ബിജെപി വിദഗ്ധരാണ്. രണ്ട് എംഎല്‍എമാര്‍ മാത്രമുള്ള മേഘാലയയിലും, ബിജെപി ന്യൂനപക്ഷമായ മണിപ്പൂരിലും ഗോവയിലും, ബിജെപി  ഭരണത്തില്‍ പങ്കാളികളാണെന്ന് യെച്ചൂരി പറഞ്ഞു. ഗുജറാത്തില്‍ രണ്ട് ദിവസത്തെ സിപിഎം എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ സംബന്ധിക്കാന്‍ എത്തിയപ്പോഴാണ് സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പ്രതികരിച്ചത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com