ഗാന്ധി വധത്തില്‍ പുനരന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി

ഗാന്ധി വധത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചതാണ്. വിഷയത്തില്‍ ഇനി പുനരന്വേഷണ സാധ്യത ഇല്ലെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു 
ഗാന്ധി വധത്തില്‍ പുനരന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : മഹാത്മാഗാന്ധിയുടെ വധത്തില്‍ പുനരന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി. പുനരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. നേരത്തെ ഗാന്ധി വധത്തില്‍ പുനരന്വേഷണം ആവശ്യമില്ലെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഗാന്ധി വധത്തില്‍ കേസ് അന്വേഷിക്ക് കുറ്റക്കാര്‍ക്കെതിരെ ശിക്ഷാ നടപടികളും സ്വീകരിച്ചതാണ്. വിഷയത്തില്‍ ഇനി പുനരന്വേഷണ സാധ്യത ഇല്ലെന്നും അമിക്കസ് ക്യൂറി അമരീന്ദര്‍ ശരണ്‍ അഭിപ്രായപ്പെട്ടിരുന്നു. 

ഗാന്ധിജിയുടെ ദേഹത്ത് പതിച്ച എല്ലാ ബുള്ളറ്റുകളും നാഥൂറാം ഗോഡ്‌സേയുടെ തോക്കില്‍ നിന്നുള്ളതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതാണ്. ഇതില്‍ ഇനി മറ്റൊരു അന്വേഷണത്തിന്റെ ആവശ്യമില്ല. ഗാന്ധിവധത്തില്‍ വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന ആരോപണത്തിന് തെളിവില്ലെന്നും അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയായിരുന്നു. 

ഗാന്ധി വധത്തില്‍ ദുരൂഹതയുണ്ടെന്നും, പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സവര്‍ക്കര്‍ അനുയായി ആണ് കോടതിയെ സമീപിച്ചത്. ഗാന്ധിജിയുടെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍ ഏറ്റെങ്കിലും ഇതില്‍ നാലാമത്തേത് ഗോഡ്‌സെയുടെ തോക്കില്‍ നിന്നല്ല. മറ്റൊരാള്‍ ഉതിര്‍ത്ത ഈ വെടിയേറ്റാണ് ഗാന്ധിജി മരിച്ചതെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. നാല് വെടിയുണ്ടയുടെ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് അമിക്കസ് ക്യൂറി വ്യക്തമാക്കി. വിചാരണ കോടതിയുടെ 4000 പേജ് രേഖകളും 1969 ലെ ജീവന്‍ലാല്‍ കപൂര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും പരിശോധിച്ചാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com