ബിജെപി ഭരണത്തില്‍ നിന്നും പുറത്തുപോകുമെന്ന കാര്യം മറക്കരുത്; മുന്നറിയിപ്പുമായി അഖിലേഷ് യാദവ്

ബിഎസ്പി- എസ്പി സഖ്യത്തിനെതിരെ തുടര്‍ച്ചയായി വിമര്‍ശനം ഉന്നയിക്കുന്ന ബിജെപിക്ക് മറുപടിയുമായി അഖിലേഷ് യാദവ്.
ബിജെപി ഭരണത്തില്‍ നിന്നും പുറത്തുപോകുമെന്ന കാര്യം മറക്കരുത്; മുന്നറിയിപ്പുമായി അഖിലേഷ് യാദവ്

ലക്‌നൗ: ബിഎസ്പി- എസ്പി സഖ്യത്തിനെതിരെ തുടര്‍ച്ചയായി വിമര്‍ശനം ഉന്നയിക്കുന്ന ബിജെപിക്ക് മറുപടിയുമായി അഖിലേഷ് യാദവ്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ബിഎസ്പി നേതാവ് മായാവതിയുടെ അനുഭവസമ്പത്തില്‍ താന്‍ വിശ്വാസമര്‍പ്പിക്കുന്നതായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് വ്യക്തമാക്കി. 

ബിഎസ്പി- എസ്പി സഖ്യത്തെ തകര്‍ക്കാന്‍ എല്ലാം വഴികളും തേടുകയാണ് ബിജെപി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഗസ്റ്റ് ഹൗസ് സംഭവം വീണ്ടും എടുത്തിടുന്നത് ഇതിന്റെ ഭാഗമാണെന്നും വിധാന്‍ സഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് അഖിലേഷ് യാദവ് പറഞ്ഞു.

രാജ്യസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രാഷ്ട്രീയത്തില്‍ അഖിലേഷിന് തന്നെക്കാള്‍ പരിചയസമ്പത്ത് കുറവാണെന്ന് മായാവതി പ്രതികരിച്ചിരുന്നു. അതുകൊണ്ടാണ് രാജാ ബയ്യയുടെ നുണകള്‍ അഖിലേഷ് യാദവിന് മനസിലാകാതെ പോയത്. കാലം അഖിലേഷിന് പുതിയ അറിവുകള്‍ നല്‍കുമെന്നും മായാവതി ഓര്‍മ്മിപ്പിച്ചു. ഇതിന് പിന്നാലെയാണ് സഖ്യത്തെ തകര്‍ക്കാന്‍ ബിജെപിക്ക് സാധിക്കില്ലെന്ന ഉറച്ച നിലപാടുമായി അഖിലേഷ് യാദവ് രംഗത്തുവന്നത്.

നിലവില്‍ പ്രതിപക്ഷ നേതാക്കളെ ദ്രോഹിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. തന്റെ ആസ്തിയെ കുറിച്ച് അന്വേഷണം നടത്തുന്നത് ഇതിന്റെ ഭാഗമായാണ്. എന്നാല്‍ മാസങ്ങള്‍ക്ക് അപ്പുറം ബിജെപി ഭരണത്തില്‍ നിന്നും പുറത്തുപോകുമെന്ന കാര്യം മറന്നുപോകരുതെന്ന് അഖിലേഷ്് യാദവ് ഓര്‍മ്മിപ്പിച്ചു. പിന്നെ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഊഹിക്കാവുന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com