മോദിയുടെ തട്ടകത്തിൽ തിരിച്ചുവരവ് ലക്ഷ്യമിട്ട് രാഹുൽ; പിസിസി അധ്യക്ഷനായി അമിത് ചാവ്ദയെ നിയമിച്ചു

സ്ഥാനമൊഴിഞ്ഞ ഭരത് സിം​ഗ് സോളങ്കിയുടെ പിൻ​ഗാമിയായാണ് അമിത് ചാവ്ദയെ നിയമിച്ചത്
മോദിയുടെ തട്ടകത്തിൽ തിരിച്ചുവരവ് ലക്ഷ്യമിട്ട് രാഹുൽ; പിസിസി അധ്യക്ഷനായി അമിത് ചാവ്ദയെ നിയമിച്ചു

അഹമ്മദാബാദ്: പ്രധാനമന്ത്രിയുടെ തട്ടകമായ ​ഗുജറാത്തിൽ കോൺ​ഗ്രസിന്റെ പുനരുജ്ജീവനവും തിരിച്ചുവരവും ലക്ഷ്യമിട്ട് സുപ്രധാന തീരുമാനവുമായി കോൺ​ഗ്രസ് ഹൈക്കമാൻഡ്. ​ഗുജറാത്ത് പ്രദേശ് കോൺ‌​ഗ്രസ് അധ്യക്ഷനായി യുവനേതാവ് അമിത് ചാവ്ദയെ കോൺ​ഗ്രസ് പ്രസിഡന്റ് രാഹുൽ ​ഗാന്ധി നിയമിച്ചു. സംസ്ഥാനത്ത് കോൺ​ഗ്രസ് പാർട്ടിയുടെ കടിഞ്ഞാൺ യുവനിരയ്ക്ക് കൈമാറുന്നു എന്നതിന്റെ സൂചന കൂടിയാണ് ചാവ്ദയുടെ സ്ഥാനാരോഹണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. 

സ്ഥാനമൊഴിഞ്ഞ ഭരത് സിം​ഗ് സോളങ്കിയുടെ പിൻ​ഗാമിയായാണ് ചാവ്ദയെ നിയമിച്ചത്. 42 കാരനായ ചാവ്ദ എന്‍ജിനീയറിങ് ബിരുദദാരിയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിലൂടെയാണ് അദ്ദേഹം പൊതുപ്രവർത്തനത്തിൽ സജീവമാകുന്നത്. ബോര്‍സാദ്, അംഗ്ലാവ് എന്നീ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് അദ്ദേഹം നാല് തവണ നിയമസഭാം​ഗം ആയിരുന്നിട്ടുണ്ട്. 

കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് യുവാക്കളെ കൊണ്ടുവരണമെന്ന് ഗുജറാത്ത് തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവായി യുവനേതാവ് പരേഷ് ദനാനിയെ നിയമിച്ചിരുന്നു. പട്ടീദാർ സമുദായത്തിൽപ്പെടുന്ന ആളാണ് ദനാനി. അതേസമയം ഒബിസി വിഭാ​ഗത്തിൽപ്പെടുന്ന താക്കൂർ ക്ഷത്രിയ സമുദായത്തിൽപ്പെടുന്നയാളാണ് ചാവ്ദ. 

പിസിസി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ ഭരത് സിം​ഗ് സോളങ്കിയും ചാവ്ദയും അടുത്ത ബന്ധുക്കളാണ്. അതുകൊണ്ട് തന്നെ സ്ഥാനമാറ്റം സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം പാര്‍ട്ടിയില്‍ യുവാക്കളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനുമാണ് രാഹുല്‍​ഗാന്ധി ലക്ഷ്യമിടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com