മൊബൈല്‍ എത്തിക്കാന്‍ വൈകി; ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരനെ യുവതിയും സഹോദരനും ക്രൂരമായി മര്‍ദ്ദിച്ച് വഴിയില്‍ തള്ളി

ആക്രമിച്ചതിന് ശേഷം പേരുകള്‍ വെളിപ്പെടുത്തില്ലെന്ന് ഉറപ്പു നല്‍കിയതിന് ശേഷമാണ് 28 കാരനായ കേശവിനെ ഇവര്‍ വെറുതെവിട്ടത്
മൊബൈല്‍ എത്തിക്കാന്‍ വൈകി; ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരനെ യുവതിയും സഹോദരനും ക്രൂരമായി മര്‍ദ്ദിച്ച് വഴിയില്‍ തള്ളി

ഡെലിവറി വൈകിച്ചതിന് യുവതിയും സഹോദരനും ചേര്‍ന്ന് ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ഡെലിവറി ബോയിയെ ക്രൂരമായി തല്ലിച്ചതച്ചു. എന്നാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ തല്ലിയവരെക്കുറിച്ച് വെളിപ്പെടുത്താതെ പൊലീസിനോട് മറ്റൊരു കഥയുണ്ടാക്കി പറയുകയാണ് ഇയാള്‍ ചെയ്തത്.  ഡല്‍ഹിയിലാണ് സംഭവം അരങ്ങേറിയത്. ഓര്‍ഡര്‍ ചെയ്ത മൊബൈല്‍ എത്തിക്കാന്‍ വൈകിയെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയും ഷൂ ലേയ്‌സ് കൊണ്ട് ശ്വാസം മുട്ടിക്കുകയുമായിരുന്നു. സംഭവത്തില്‍ കമല്‍ദീപ് കൗര്‍ (30) എന്ന യുവതിയേയും അവരുടെ സഹോദരന്‍ ജിതേന്ദര്‍ സിങ്ങിനേയും (32) പൊലീസ് അറസ്റ്റ് ചെയ്തു. 

ആക്രമിച്ചതിന് ശേഷം പേരുകള്‍ വെളിപ്പെടുത്തില്ലെന്ന് ഉറപ്പു നല്‍കിയതിന് ശേഷമാണ് 28 കാരനായ കേശവിനെ ഇവര്‍ വെറുതെവിട്ടത്. അതിനാല്‍ പൊലീസിനോട് ബൈക്കിലെത്തിയ മൂന്ന് പേര്‍ തന്നെ ആക്രമിച്ചെന്നാണ് ഇയാള്‍ പറഞ്ഞത്. സംശയം തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കേശവ് സത്യം തുറന്നു പറഞ്ഞത്. കമല്‍ദീപിന്റെ വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും ഇവര്‍ക്ക് എതിരായിരുന്നു. 

മാര്‍ച്ച് 21 നാണ് സംഭവമുണ്ടാകുന്നത്. മുന്‍പ് വാങ്ങിയ മൊബൈല്‍ മാറി നല്‍കുന്നത് വൈകിക്കുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം. ഫോണ്‍ കൊണ്ടുവരാന്‍ വൈകുന്നതെന്താണെന്ന് ചോദിച്ച് കമല്‍ദീപ് വിളിക്കുമായിരുന്നു. ഡെലിവറിക്കായി വീട്ടില്‍ എത്തിയപ്പോള്‍ യുവതിയും സഹോദരനും മുന്നറിയിപ്പില്ലാതെ ഇയാളെ ആക്രമിക്കുകയായിരുന്നു. ഷൂ ലേസ് ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും താഴെ വീണു കിടന്ന കേശവിനെ മുഖത്തും തലയ്ക്കും കൈയിലും മര്‍ദ്ദിക്കുകയുമായിരുന്നു. 

കൊലചെയ്യപ്പെടുമെന്ന് ഭയന്ന് അക്രമികളോട് ജീവനുവേണ്ടി കേശവ് അപേക്ഷിച്ചു. ആക്രമണത്തെക്കുറിച്ച് പൊലീസില്‍ പരാതിപ്പെടുകയോ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുയോ ഇല്ലെന്ന ഉറപ്പിലാണ് കേശവിനെ പോകാന്‍ അനുവദിച്ചത്. എന്നാല്‍ അതും വളരെ തന്ത്രപരമായിരുന്നു. കേശവ് വന്ന വണ്ടി ജിതേന്ദര്‍ കൊണ്ടുപോയി ഉപേക്ഷിച്ചു. അതിന് ശേഷം കേശവിനെ വണ്ടിയില്‍ കയറ്റി റോഡില്‍ ഇറക്കിവിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പൊലീസാണ് കണ്ടെത്തിയത്. എന്നാല്‍ അക്രമിച്ചത് ആരാണെന്ന് പറയാന്‍ ഇയാള്‍ തയാറായില്ല. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അക്രമണം പുറത്തറിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com