രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന് വഴിത്തുറന്നു; കോണ്‍ഗ്രസില്‍ യുവനിരയ്ക്ക് പ്രാധാന്യം നല്‍കി രാഹുലിന്റെ അഴിച്ചുപണി

രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് മാസങ്ങള്‍കം കോണ്‍ഗ്രസില്‍ അഴിച്ചുപണി.
രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന് വഴിത്തുറന്നു; കോണ്‍ഗ്രസില്‍ യുവനിരയ്ക്ക് പ്രാധാന്യം നല്‍കി രാഹുലിന്റെ അഴിച്ചുപണി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് മാസങ്ങള്‍കം കോണ്‍ഗ്രസില്‍ അഴിച്ചുപണി. യുവനിരയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ഗുജറാത്ത് ഒഡീഷ സംസ്ഥാനങ്ങളുടെ ചുമതലയിലാണ് രാഹുല്‍ ഗാന്ധി അഴിച്ചുപണി നടത്തിയിരിക്കുന്നത്. 

ഗുജറാത്തിന്റെ ചുമതല രാജീവ് സത്വക്കും ഒഡീഷയുടെ ചുമതല ജിതേന്ദ്ര സിങിനും നല്‍കി. മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ ബി.കെ.ഹരിപ്രസാദിനെ മാറ്റിയാണ് ഒഡീഷയുടെ ചുമതല മുന്‍ കേന്ദ്ര മന്ത്രിയായ ജിതേന്ദ്ര സിങിന് നല്‍കിയത്. ഒഡീഷയില്‍ കഴിഞ്ഞ വര്‍ഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. അടുത്ത വര്‍ഷം ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നുണ്ട്. അതിന് മുന്നോടിയായാണ് പുതിയ ആള്‍ക്ക് ചുമതല നല്‍കിയത്.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മികച്ച തിരിച്ചുവരവ് നടത്തിയ കോണ്‍ഗ്രസിനെ നയിച്ച സംസ്ഥാനത്തിന്റെ ചുമതലക്കാരന്‍ അശോക് ഗെഹ് ലോട്ടിനെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി ഉയര്‍ത്തി. ഗെഹ് ലോട്ടിന് പകരമാണ് ലോക്‌സഭാ എംപിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റുമായ രാജീവ് സത്‌വയെ നിയമിച്ചത്. മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായ ഗെഹ്‌ലോട്ടിനെ സംഘടനാ ചുമതലയുള്ള  ജനറല്‍ സെക്രട്ടറിയായി നിയമിച്ചതോടെ വരാനിരിക്കുന്ന രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സച്ചിന്‍ പൈലറ്റായിരിക്കും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് ഏതാണ്ട് ഉറപ്പായി. ജനാര്‍ദ്ദന്‍ ദ്വിവേദി രാജിവെച്ച ഒഴിവിലേക്കാണ് ഗെഹ്‌ലോട്ടിന്റെ നിയമനം. 

ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള വടംവലി രാജസ്ഥാനില്‍ അധികാരം തിരിച്ച് പിടിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പുതിയ നിയമനത്തിലൂടെ ശമനമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com