ബിജെപി ദലിത് വിരുദ്ധം; പാര്‍ട്ടി സംഘടിപ്പിച്ച ദലിത് കൂട്ടായ്മയില്‍ അമിത് ഷായ്ക്കു മുന്നില്‍ പ്രതിഷേധം

ബിജെപി ദലിത് വിരുദ്ധം; പാര്‍ട്ടി സംഘടിപ്പിച്ച ദലിത് കൂട്ടായ്മയില്‍ അമിത് ഷായ്ക്കു മുന്നില്‍ പ്രതിഷേധം
ബിജെപി ദലിത് വിരുദ്ധം; പാര്‍ട്ടി സംഘടിപ്പിച്ച ദലിത് കൂട്ടായ്മയില്‍ അമിത് ഷായ്ക്കു മുന്നില്‍ പ്രതിഷേധം

ബംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ബിജെപി സംഘടിപ്പിച്ച ദലിത് കൂട്ടായ്മയില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കു നേരെ പ്രതിഷേധം. ബിജെപി ദലിത് വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഒരു വിഭാഗം പ്രതിഷേധം ഉയര്‍ത്തിയത്. 

മൈസൂരുവില്‍ സംഘടിപ്പിച്ച ദളിത് കൂട്ടായ്മയിലാണ് പ്രതിഷേധം ഉയര്‍ന്നത്. ദളിത് സമുദായത്തിനെതിരേ കര്‍ണാടകത്തില്‍നിന്നുള്ള കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡെ നടത്തിയ പരാമര്‍ശമാണ് പ്രതിഷേധത്തിനിടയാക്കിയത്. ഭരണഘടനയ്ക്കും ദളിതര്‍ക്കുമെതിരെ പരാമര്‍ശം നടത്തിയ ഹെഗ്‌ഡെയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം മുദ്രാവാക്യം വിളിക്കുകയായിരുന്നു. അമിത് ഷാ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സദസ്സില്‍ നിന്ന് മുദ്രാവാക്യം ഉയര്‍ന്നത്. 

അനന്തകുമാര്‍ ഹെഗ്‌ഡെയുടെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ലെന്നുകൂടി അമിത് ഷാ പറഞ്ഞതോടെ പ്രതിഷേധം കനത്തു. കോണ്‍ഗ്രസ് അനുഭാവികളാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലെത്തിയ ദളിത് നേതാവ് ശ്രീനിവാസ പ്രസാദ് ആരോപിച്ചു.

മാസങ്ങള്‍ക്കു മുന്‍പാണ് ഹെഗ്‌ഡേ വിവാദപരാമര്‍ശം നടത്തിയത്. ഭരണഘടന ഭേദഗതി ചെയ്യണമെന്നും ദലിത് പ്രതിഷേധം പട്ടിയുടെ കുരയ്ക്ക് തുല്യമാണെന്നും പറഞ്ഞതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഭരണഘടനാ ശില്പി അംബേദ്കര്‍ക്കെതിരേ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് ദലിത് നേതാക്കള്‍ ആരോപിക്കുന്നത്. ഇതില്‍ പ്രതിഷേധം ശക്താവുന്നതിനിടയിലാണ് ദലിത് നേതാക്കളുടെ കൂട്ടായ്മ സംഘടിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com