ബിപ്ലബിനെ ചൊല്ലി ഭിന്നത; നേതാക്കള്‍ മുഖ്യമന്ത്രിക്കെതിരെ, ത്രിപുരയില്‍ ബിജെപിക്ക് തലവേദന

വിവാദ പരാമര്‍ശങ്ങളെ ചൊല്ലി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബും ബിജെപിയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുളള സുനില്‍ ദിയോധറും തമ്മിലുളള ഭിന്നത രൂക്ഷമായത് നേതൃത്വത്തിന് തലവേദനയാകുന്നു
ബിപ്ലബിനെ ചൊല്ലി ഭിന്നത; നേതാക്കള്‍ മുഖ്യമന്ത്രിക്കെതിരെ, ത്രിപുരയില്‍ ബിജെപിക്ക് തലവേദന

അഗര്‍ത്തല: വിവാദ പരാമര്‍ശങ്ങളെ ചൊല്ലി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബും ബിജെപിയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുളള സുനില്‍ ദിയോധറും തമ്മിലുളള ഭിന്നത രൂക്ഷമായത് നേതൃത്വത്തിന് തലവേദനയാകുന്നു. ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലബ് കുമാറിനെ തെരഞ്ഞെടുത്തത് മുതലുളള ഭിന്നതയാണ് വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ മറനീക്കി പുറത്തുവന്നത്. ത്രിപുരയില്‍ തന്റെ വാക്കായിരിക്കണം അവസാനവാക്കായി കാണേണ്ടത് എന്ന് ഇരുവരും പരസ്പരം വാശിപിടിക്കുന്നതായി പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ സമ്മതിക്കുന്നു.

അടുത്തിടെ ബിപ്ലബ് കുമാര്‍ ദേബ് നടത്തിയ വിവാദപരാമര്‍ശങ്ങളാണ് ഇരുനേതാക്കള്‍ക്കുമിടയില്‍ നിലനിന്നിരുന്ന ഭിന്നത പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചിരിക്കുന്നത്. തനിക്കെതിരായ വിമര്‍ശനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സുനില്‍ ദിയോധര്‍ സ്വീകരിക്കുന്നതെന്ന് ബിപ്ലബ് കുമാര്‍ ദേബ് കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. തന്റെ പേരിലുളള ഫെയ്‌സ്ബുക്ക് പേജില്‍ മുഖ്യമന്ത്രിക്കെതിരെയുളള  വിമര്‍ശനങ്ങള്‍ക്ക് സുനില്‍ ദിയോധര്‍ 'ലൈക്ക്' നല്‍കുന്നതായും ബിപ്ലബ് ആരോപിക്കുന്നു. വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രത്തിലേക്ക് വിളിപ്പിച്ചുവെന്ന വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിച്ചതിന് പിന്നില്‍ സുനില്‍ ദിയോധറുടെ അനുയായികളാണെന്നും ബിപ്ലബ് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി പാര്‍ട്ടി വ്യത്തങ്ങള്‍ സൂചന നല്‍കി.

ഇതിനിടെ, ത്രിപുരയില്‍ സ്വകാര്യപരിപാടികളില്‍ പങ്കെടുക്കുന്നത് പതിവാക്കിയ സുനില്‍ ദിയോധറിന്റെ നടപടിയില്‍ കേന്ദ്ര, സംസ്ഥാന ബിജെപി നേതൃത്വങ്ങള്‍ക്കിടയില്‍ അതൃപ്തിയുണ്ട്. അടുത്തിടെ നടന്ന ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗവും വര്‍ക്കേഴ്‌സ് സമ്മേളനവും ദിയോധര്‍ ബഹിഷ്‌കരിച്ചിരുന്നു. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാതെ സ്വകാര്യപരിപാടിയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്ന ദിയോധറിന്റെ നീക്കത്തെ ആശങ്കയോടെയാണ് നേതൃത്വം നോക്കികാണിക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം സുനില്‍ ദിയോധര്‍ നിഷേധിച്ചു. 

20 വര്‍ഷം നീണ്ട സിപിഎം ഭരണത്തിന് അവസാനം കുറിയ്ക്കാന്‍ മുന്നില്‍ നിന്ന് നയിച്ചത് ഇരു നേതാക്കളുമാണ്. എന്നാല്‍ മുഖ്യമന്ത്രി ആരെന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ ഭിന്നത നിലനിന്നിരുന്നു എന്ന റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തുവരുകയാണ്. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് കൂടുമാറിയ സുദീപ് റോയ് ബര്‍മനെ മുഖ്യമന്ത്രിയാക്കണമെന്ന ആഗ്രഹമാണ് സുനില്‍ ദിയോധറിന് ഉണ്ടായിരുന്നത്. നിലവില്‍ ആരോഗ്യമന്ത്രിയാണ് സുദീപ് റോയ് ബര്‍മന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com