യോഗി കര്‍ണാടകയില്‍ മഠം കെട്ടി പാര്‍ക്കട്ടെ; വിമര്‍ശനവുമായി അഖിലേഷ് യാദവ് 

ഉത്തര്‍പ്രദേശില്‍ ആഞ്ഞടിച്ച പൊടിക്കാറ്റില്‍ നിരവധി പേര്‍ക്ക് ജീവഹാനി സംഭവിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി
യോഗി കര്‍ണാടകയില്‍ മഠം കെട്ടി പാര്‍ക്കട്ടെ; വിമര്‍ശനവുമായി അഖിലേഷ് യാദവ് 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ആഞ്ഞടിച്ച പൊടിക്കാറ്റില്‍ നിരവധി പേര്‍ക്ക് ജീവഹാനി സംഭവിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി. ജനം ദുരിതം അനുഭവിക്കുമ്പോള്‍ അവര്‍ക്ക് ആശ്വാസം നല്‍കാന്‍ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യേണ്ട യോഗി ആദിത്യനാഥ് കര്‍ണാടകത്തില്‍ ബിജെപിയുടെ പ്രചാരണപരിപാടിയില്‍ പങ്കെടുക്കുന്നത് ചൂണ്ടിക്കാണിച്ച് സമാജ് വാദി പാര്‍ട്ടി ദേശീയ പ്രസിഡന്റ് അഖിലേഷ് യാദവാണ് വിമര്‍ശനവുമായി രംഗത്തുവന്നത്. ഇനിയുളള കാലം കര്‍ണാടകയില്‍ മഠം നിര്‍മ്മിച്ച്  യോഗി അവിടെ തന്നെ തങ്ങിയാല്‍ മതിയെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

ശക്തമായ പൊടിക്കാറ്റില്‍ സംസ്ഥാനത്ത് 78 പേര്‍ മരിച്ച സാഹചര്യത്തില്‍ കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ച് യോഗി ഉത്തര്‍പ്രദേശിലേക്ക് അടിയന്തരമായി മടങ്ങിവരണമെന്ന് അഖിലേഷ് ആവശ്യപ്പെട്ടു. ഇത്രയും വലിയ ദുരന്തം സംസ്ഥാനം നേരിടുന്ന പശ്ചാത്തലത്തില്‍ തിരിച്ചുവരാന്‍ അദ്ദേഹം തയ്യാറാകുന്നില്ലെങ്കില്‍ കര്‍ണാടകയില്‍ തന്നെ മഠം സ്ഥാപിച്ച് ഇനിയുളള കാലം അവിടെ തന്നെ തുടരുന്നതാണ് നല്ലതെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടലിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അഖിലേഷ് യാദവിന് പിന്നാലെ കോണ്‍ഗ്രസും യോഗിയെ വിമര്‍ശിച്ച് രംഗത്തുവന്നു. പ്രതികൂലമായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ യോഗി സന്ദര്‍ശനം നടത്തുന്നതിനെ കോണ്‍ഗ്രസ് ചോദ്യം ചെയ്തു. വിളനാശത്തില്‍ എല്ലാം നഷ്ടപ്പെട്ട് കര്‍ഷകര്‍ നിലവിളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആശങ്കപ്പെട്ടു. സംസ്ഥാന ഭരിക്കുന്ന ബിജെപിയും ഈ ദുരന്തത്തെ വേണ്ട പ്രാധാന്യത്തോടെ കാണുന്നില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com