നഴ്‌സറി പ്രവേശനത്തിന് കുഞ്ഞുങ്ങളെ  ഇന്റര്‍വ്യൂ ചെയ്യേണ്ട; കര്‍ശന നിര്‍ദേശവുമായി എന്‍സിഇആര്‍ടി

അധ്യാപകര്‍ പ്ലസ് ടു ജയിച്ചിരിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു
നഴ്‌സറി പ്രവേശനത്തിന് കുഞ്ഞുങ്ങളെ  ഇന്റര്‍വ്യൂ ചെയ്യേണ്ട; കര്‍ശന നിര്‍ദേശവുമായി എന്‍സിഇആര്‍ടി

നി നേഴ്‌സറി ക്ലാസിയില്‍ പ്രവേശനം നേടാന്‍ കുഞ്ഞുങ്ങള്‍ക്ക് പരീക്ഷണം നേരിടേണ്ടവരില്ല. നഴ്‌സറിക്ലാസിലേക്ക് പ്രവേശനം നല്‍കാന്‍ അഭിമുഖം നടത്തുന്ന വിദ്യാലയങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഒരുങ്ങി എന്‍സിഇആര്‍ടി. പ്രവേശന നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി കുട്ടികളുമായി അഭിമുഖമോ കുട്ടികളുടെ മികവ് അളക്കുന്നതിനുള്ള പരീക്ഷണങ്ങളോ നടത്താന്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിക്കൊണ്ട് എന്‍സിഇആര്‍ടി മാര്‍ഗരേഖ പുറത്തിറക്കി. 

നേഴ്‌സറിയില്‍ പ്രവേശനം ലഭിക്കാന്‍ കുട്ടികള്‍ക്ക് മൂന്ന് വയസ് തികഞ്ഞിരിക്കണമെന്നും അധ്യാപകര്‍ പ്ലസ് ടു ജയിച്ചിരിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. പ്രീ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ നഴ്‌സറി പഠനത്തെ ഉള്‍പ്പെടുത്തിക്കൊണ്ട് മാര്‍ഗരേഖ തയാറാക്കിയിരിക്കുന്നത്. ആദ്യമായാണ് എന്‍സിഇആര്‍ടി മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നത്. മൂന്ന് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസത്തെയാണ് പ്രീസ്‌കൂളായി കണക്കാക്കുന്നത്. കുട്ടികളില്‍ പഠനതാല്‍പ്പര്യം വളര്‍ത്തിയെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

പ്രീസ്‌കൂള്‍ വിദ്യാലയങ്ങള്‍ക്കായുള്ള കെട്ടിടങ്ങള്‍ പണിയുന്നതിലും നിര്‍ദ്ദേശങ്ങള്‍ വെച്ചിട്ടുണ്ട്. ഗതാഗത തിരക്കില്ലാത്തതും കുളം, കിണര്‍, കനാല്‍ തുടങ്ങിയവയില്‍ നിന്ന് അകന്ന സ്ഥലത്തായിരിക്കണം നേഴ്‌സറി. തുറസ്സായ കളിസ്ഥലം വേണമെന്നും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശൗചാലയങ്ങള്‍ വേണമെന്നും നിര്‍ദേശമുണ്ട്. വിദ്യാലയത്തില്‍ സിസിടിവി ക്യാമറ വേണമെന്നും ക്ലാസ്മുറികള്‍ക്ക് എട്ട് മീറ്റര്‍ നീളവും ആറ് മീറ്റര്‍ വീതിയുമുണ്ടാകണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. പ്ലസ് ടു ജയിച്ച് പ്രീസ്‌കൂള്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിവര്‍ക്കാണ് നേഴ്‌സറി ടീച്ചറായി ജോലി ചെയ്യാന്‍ അംഗീകാരമൊള്ളൂ, കൂടാതെ അധ്യാപിക വിദ്യാര്‍ത്ഥി അനുപാതം 1:25 ആയിരിക്കണം. 

നഴ്‌സറി സ്‌കൂളുകളുടെ ചുമതലയും ഇതില്‍ പറയുന്നുണ്ട്. കുട്ടികളുടെ ആരോഗ്യം ഉറപ്പുവരുത്തുക, ആശയവിനിമയ ശേഷി കൂട്ടുക, ചുറ്റുപാടുമായി ബന്ധം സ്ഥാപിക്കാന്‍ സഹായിക്കുക, നിത്യ ജീവിതത്തില്‍ പാലിക്കേട്ട ചെറുചിട്ടകള്‍ മനസിലാക്കുക തുടങ്ങിയ 17 കാര്യങ്ങള്‍ ആര്‍ജിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കണം. നഴ്‌സറി പഠനത്തിന് വ്യക്തമായ മാതൃകയില്ലാത്തതിനാല്‍ വിദ്യാലയങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചാണ് പഠിപ്പിക്കുന്നത്. എന്നാല്‍ പുതിയ മാര്‍ഗനിര്‍ദേശം പിന്തുടരാന്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കില്ലെന്ന് എന്‍സിഇആര്‍ടി വ്യക്തമാക്കി. മാര്‍ഗരേഖയില്‍ സംസ്ഥാനത്തിന്റെ അഭിപ്രായം തേടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com