ബിജെപി വിരുദ്ധ മുന്നണി ലക്ഷ്യമിട്ട് യശ്വന്ത് സിന്‍ഹ; ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി 

ബിജെപി വിരുദ്ധ മുന്നണി ലക്ഷ്യമിട്ട് മുതിര്‍ന്ന നേതാക്കളായ യശ്വന്ത് സിന്‍ഹയും , ശത്രുഘന്‍ സിന്‍ഹയും ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
ബിജെപി വിരുദ്ധ മുന്നണി ലക്ഷ്യമിട്ട് യശ്വന്ത് സിന്‍ഹ; ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി 

ചെന്നൈ:ബിജെപി വിരുദ്ധ മുന്നണി ലക്ഷ്യമിട്ട് മുതിര്‍ന്ന നേതാക്കളായ യശ്വന്ത് സിന്‍ഹയും , ശത്രുഘന്‍ സിന്‍ഹയും ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയില്‍ ഡിഎംകെ നേതാക്കളായ എം കരുണാനിധിയെയും പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിനെയും സന്ദര്‍ശിച്ചാണ് യശ്വന്ത് സിന്‍ഹയും ശത്രുഘന്‍ സിന്‍ഹയും ബിജെപിക്കെതിരെയുളള പോരാട്ടം പുതിയ തലത്തിലേയ്ക്ക് എത്തിച്ചത്. കേന്ദ്രത്തില്‍ നിന്നും ബിജെപിയെ പുറത്താക്കാന്‍ പുതിയ ഒരു മുന്നണി സംവിധാനം രൂപികരിക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് നേതാക്കള്‍ ചര്‍ച്ച ചെയ്തതായി എം കെ സ്റ്റാലിന്‍ പ്രതികരിച്ചു.

ബിജെപിയെ പുറത്താക്കാന്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് എല്ലാവരുടെയും ലക്ഷ്യം ബിജെപിയെ അധികാരത്തില്‍ നിന്നും നീക്കുക എന്നതാണെന്ന് സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ സഖ്യകക്ഷിയാണ് കോണ്‍ഗ്രസ്. ഈ പശ്ചാത്തലത്തില്‍ സ്റ്റാലിന്റെ വാക്കുകള്‍ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്. അടുത്തിടെ തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുമായും സ്റ്റാലിന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിയെ കേന്ദ്രത്തില്‍ നിന്നും പുറത്താക്കുന്നതിന്റെ സാധ്യതകളെ സംബന്ധിച്ചാണ് ഇരുവരും ചര്‍ച്ച നടത്തിയത്. ഇത്തരത്തില്‍ ദക്ഷിണേന്ത്യയില്‍ ബിജെപി വിരുദ്ധ മുന്നണി സംവിധാനം ഒരുക്കാനാണ് സ്റ്റാലിന്‍ ലക്ഷ്യമിട്ടത്. 

ഈ ഘട്ടത്തില്‍ അടുത്തിടെ ബിജെപിയില്‍ നിന്നും രാജിവെച്ച യശ്വന്ത് സിന്‍ഹയുമായും ബിജെപിയിലെ വിമത നേതാവായ ശത്രുഘന്‍ സിന്‍ഹയുമായും കൂടിക്കാഴ്ച നടത്തിയത് ദേശീയതലത്തില്‍ ഡിഎംകെയുടെ സ്വാധീനം വര്‍ധിപ്പിക്കാനുളള ശ്രമങ്ങളുടെ ഭാഗമായും വ്യാഖ്യാനിക്കപ്പെടുന്നു. അടുത്തിടെ ബിജെപി വിരുദ്ധ വിശാല സഖ്യം രൂപികരിക്കാനുളള തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ ശ്രമങ്ങളെ സ്റ്റാലിന്‍ പിന്തുണച്ചിരുന്നു. 

സ്റ്റാലിന്റെയും കരുണാനിധിയുടെ വസതികള്‍ പ്രത്യേകമായി സന്ദര്‍ശിച്ച യശ്വന്ത് സിന്‍ഹയും , ശത്രുഘന്‍ സിന്‍ഹയും ഡിഎംകെ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ തമിഴ്‌നാട് രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും കടന്നുവന്നതായാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com