ബംഗാള്‍ പിടിക്കാന്‍ മുസ്ലീം സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കി ബിജെപി;പട്ടികയില്‍ 850 പേര്‍

ആസന്നമായ പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലീം സ്ഥാനാര്‍ത്ഥികളെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് തന്ത്രത്തിന് രൂപം നല്‍കി ബിജെപി
ബംഗാള്‍ പിടിക്കാന്‍ മുസ്ലീം സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കി ബിജെപി;പട്ടികയില്‍ 850 പേര്‍

കൊല്‍ക്കത്ത: ആസന്നമായ പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലീം സ്ഥാനാര്‍ത്ഥികളെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് തന്ത്രത്തിന് രൂപം നല്‍കി ബിജെപി. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലുളള തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്വാധീനം തകര്‍ക്കുന്നതിന്റെ ഭാഗമായാണ് ബിജെപിയുടെ തന്ത്രപരമായ നീക്കം. മെയ് 14 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുസ്ലീം സമുദായത്തില്‍ നിന്നുളള 850ല്‍പ്പരം സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി കളത്തില്‍ ഇറക്കുന്നത്.പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ഒരു സംസ്ഥാനത്ത് ഇത്രയുമധികം മുസ്ലീം സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി മത്സരിപ്പിക്കുന്നത് ഇതാദ്യമാണെന്ന് ബിജെപി വക്താവ് അറിയിച്ചു.

പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വ്യാപക ആക്രമണം നേരിടുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതുപോലും തടഞ്ഞായിരുന്നു തൃണമൂല്‍ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. ഇതുകാരണം പലയിടങ്ങളിലും സ്ഥാനാര്‍ത്ഥികളെപ്പോലും നിര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍.

സംസ്ഥാനത്ത് നിലനില്‍ക്കുന്ന സംഘര്‍ഷഭരിതമായ അവസ്ഥയിലാണ് ബിജെപി തന്ത്രപരമായ നിലപാട് സ്വീകരിച്ചത്. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ന്യൂനപക്ഷ മതവിഭാഗത്തില്‍ നിന്നും 100 ല്‍ താഴെ സ്ഥാനാര്‍ത്ഥികളെ മാത്രമാണ് ബിജെപി മത്സരരംഗത്തിറക്കിയത്. ഇതില്‍ നിന്നും വ്യത്യസ്തമായി എട്ടുമടങ്ങ് അധികം സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കി തെരഞ്ഞെടുപ്പില്‍ ചലനം സൃഷ്ടിക്കാനുളള ശ്രമത്തിലാണ് ബിജെപി.

ബിജെപിയുടെ ഈ തെരഞ്ഞെടുപ്പ് തന്ത്രം വിജയിക്കാന്‍ പോകുന്നില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു. ന്യൂനപക്ഷങ്ങള്‍ തങ്ങളിലാണ് വിശ്വാസമര്‍പ്പിക്കുന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പാര്‍ത്താ ചാറ്റര്‍ജി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com