നാദിയയിലും സിപിഎം- ബിജെപി സഖ്യം; തൃണമൂലിനെതിരെ പ്രാദേശിക നീക്കുപോക്കെന്ന് നേതൃത്വം

നന്ദിഗ്രാമിന് പിന്നാലെ നാദിയ ജില്ലയിലും സിപിഎമ്മും ബിജെപിയും കൈകോര്‍ക്കുന്നു
നാദിയയിലും സിപിഎം- ബിജെപി സഖ്യം; തൃണമൂലിനെതിരെ പ്രാദേശിക നീക്കുപോക്കെന്ന് നേതൃത്വം

കൊല്‍ക്കത്ത: നന്ദിഗ്രാമിന് പിന്നാലെ നാദിയ ജില്ലയിലും സിപിഎമ്മും ബിജെപിയും കൈകോര്‍ക്കുന്നു. ആസന്നമായിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് സഖ്യമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഔദ്യോഗികമായ സീറ്റ് പങ്കുവെയ്ക്കല്‍ ധാരണയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഉണ്ടായിരിക്കുന്നതെന്ന് സിപിഎം പ്രാദേശിക നേതൃത്വം അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസുമായി നേര്‍ക്കുനേര്‍ പോരാടണമെന്ന ഗ്രാമവാസികളുടെ വികാരം മാനിച്ചാണ് ബിജെപിയുമായി യോജിപ്പില്ലെത്തിയതെന്ന് സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കി. 

ഇത് ഒരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമരാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് ഏപ്രിലില്‍ സിപിഎമ്മും ബിജെപിയും സംയുക്തമായി റാലി സംഘടിപ്പിച്ചിരുന്നു. കരിംപൂര്‍- റാണഘട്ട് മേഖലയില്‍ നടത്തിയ റാലിയില്‍ ഇരുവിഭാഗങ്ങളില്‍ നിന്നുമായി നിരവധി പ്രവര്‍ത്തകരാണ് പങ്കെടുത്തത്. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് ധാരണയിലേക്ക് ഇരുവിഭാഗവും എത്തിയത്. 

തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ചില സീറ്റുകളില്‍ ബിജെപിയുമായി പ്രാദേശിക നീക്കുപോക്കുകള്‍ക്ക് രൂപം നല്‍കിയതായി സിപിഎം നാദിയ ജില്ലാ സെക്രട്ടറി സ്ഥിരീകരിച്ചു. ബംഗാളില്‍ ബിജെപിയുമായി ഒരു ധാരണയുമില്ലെന്ന് കഴിഞ്ഞ ദിവസം പൊളിറ്റ് ബ്യൂറോ അംഗം ബിമന്‍ ബസു പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവിഭാഗവും ധാരണയില്‍ എത്തിയതായുളള  റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com