പണക്കാരനാണെന്ന് തെറ്റിദ്ധരിച്ച് പരിചയപ്പെട്ടു; പണം ഇല്ലെന്ന് അറിഞ്ഞപ്പോള്‍ യുവാവിനെ കൊന്ന് സ്യൂട്ട്‌കേസിലാക്കി;  യുവതി അറസ്റ്റില്‍

ആവശ്യപ്പെട്ട പണം ലഭിക്കില്ലെന്ന് മനസിലാക്കിയതോടെ ദുഷ്യന്തിനെ മൂവരും ചേര്‍ന്ന് കൊല്ലുകയായിരുന്നു
പണക്കാരനാണെന്ന് തെറ്റിദ്ധരിച്ച് പരിചയപ്പെട്ടു; പണം ഇല്ലെന്ന് അറിഞ്ഞപ്പോള്‍ യുവാവിനെ കൊന്ന് സ്യൂട്ട്‌കേസിലാക്കി;  യുവതി അറസ്റ്റില്‍

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ  കൊന്ന് മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കിയ കേസില്‍ 27 കാരി അറസ്റ്റില്‍. ജയ്പൂര്‍ സ്വദേശിയായ ദുഷ്യന്ത് ശര്‍മയാണ് കൊല ചെയ്യപ്പെട്ടത്. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ വിളിച്ചുവരുത്തി പണം തട്ടാനുള്ള പദ്ധതി നടക്കാതെ വന്നതോടെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പ്രിയ സേത് എന്ന യുവതിയും അവരുടെ കാമുകനും കൂട്ടുകാരനും അറസ്റ്റിലായി. 

മേയ് രണ്ടിനാണ് ബജാജ് നഗറിലെ തന്റെ ഫഌറ്റിലേക്ക് ദുഷ്യന്തിനെ പ്രിയ ക്ഷണിക്കുന്നത്. ഇവിടെ വെച്ച് ഭീഷണിപ്പെടുത്തുകയും പത്ത് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. അറസ്റ്റിലായ ദിക്ഷന്ത് കമ്ര (20), ലക്ഷ്യാ വാലിയ (21) എന്നിവരുടെ സഹായത്തോടെ ദുഷ്യന്തിനെ കെട്ടിയിടുകയും അച്ഛനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇവര്‍ ആവശ്യപ്പെട്ട പണം ഉണ്ടാവില്ലെന്നും മൂന്ന് ലക്ഷം രൂപ ദുഷ്യന്തിന്റെ അക്കൗണ്ടിലേക്ക് ഡെപ്പോസിറ്റ് ചെയ്യാമെന്നും അച്ഛന്‍ ഉറപ്പുകൊടുത്തു. എന്നാല്‍ ആവശ്യപ്പെട്ട പണം ലഭിക്കില്ലെന്ന് മനസിലാക്കിയതോടെ ദുഷ്യന്തിനെ മൂവരും ചേര്‍ന്ന് കൊല്ലുകയായിരുന്നു. 

തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് ദുഷ്യന്ത് ഡേറ്റിംഗ് ആപ്പില്‍ അക്കൗണ്ട് എടുത്തിരുന്നത്. വിവന്‍ കൊഹ് ലി എന്ന പേരിലുള്ള പ്രൊഫൈലില്‍ മാസം കോടികള്‍ വരുമാനമുണ്ടെന്നും പറഞ്ഞിരുന്നു. ഇത് കണ്ട്  പണം തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രിയ ദുഷ്യന്തുമായി അടുത്തത്. എന്നാല്‍ ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ദുഷ്യന്തിന്റെ കൈയില്‍ പൈസ ഇല്ലെന്ന് പ്രിയക്ക് മനസിലായി. വെറുതെ വിട്ടാല്‍ ഇവര്‍ക്ക് ഭീഷണിയാകുമെന്ന് ഭയന്നാണ് കൊലനടത്തിയത്. 

ശ്വാസം മുട്ടിച്ച് കൊന്നതിന് ശേഷം ശരീരം കഷ്ണങ്ങളായി അരിഞ്ഞ് സ്യൂട്ട്‌കേസിലാക്കുകയായിരുന്നു. പിന്നീട് ദുഷ്യന്തിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ച് അതില്‍ നിന്ന് പ്രിയ 20,000 രൂപ പിന്‍വലിച്ചു. മേയ് മൂന്നിനാണ് ജയ്പൂറിന് അടുത്തുള്ള അമെറില്‍ നിന്ന് സ്യൂട്ട് കേസ് കണ്ടെത്തിയത്.  പണം തട്ടിയെടുക്കല്‍, എടിഎം മോഷണം ഉള്‍പ്പടെ നിരവധി കേസുകളില്‍ അവര്‍ പ്രതികളാണെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com