മകനെക്കൊണ്ട് ആവില്ല, കോണ്‍ഗ്രസ് അമ്മയെ ഇറക്കിയെന്ന് മോദിയുടെ പരിഹാസം

മകനെക്കൊണ്ട് ജയിക്കാനാവില്ലെന്ന്കണ്ട് കോണ്‍ഗ്രസ് അമ്മയെ പ്രചാരണത്തിന് ഇറക്കിയിരിക്കുന്നുവെന്ന് മോദി
മകനെക്കൊണ്ട് ആവില്ല, കോണ്‍ഗ്രസ് അമ്മയെ ഇറക്കിയെന്ന് മോദിയുടെ പരിഹാസം

ബംഗലൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിന്നാലെ യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മകനെക്കൊണ്ട് ജയിക്കാനാവില്ലെന്ന്കണ്ട് കോണ്‍ഗ്രസ് അമ്മയെ പ്രചാരണത്തിന് ഇറക്കിയിരിക്കുന്നുവെന്ന് മോദി പരിഹസിച്ചു. കര്‍ണാടകയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിനായി രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും കര്‍ണാടകയിലുണ്ട്. രണ്ടു വര്‍ഷത്തിന് ശേഷമാണ് സോണിയ പൊതു റാലിയില്‍ പങ്കെടുക്കുന്നത്. ഇതിന് പിന്നാലെയാണ് മോദിയുടെ പരിഹാസം. 

പതിവുപോലെ സിദ്ധരാമയ്യ സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. കര്‍ണാടക തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ട ശേഷം പതിവുപോലെ കോണ്‍ഗ്രസ് ഇലക്ട്രോണിക് വോട്ടിങ് മെഷീനെ കുറ്റംപറഞ്ഞ് രംഗത്തുവരുമെന്ന് അദ്ദേഹം പരിഹസിച്ചു. സംസ്ഥാനം കടുത്ത വരള്‍ച്ചയില്‍ ദുരിതം അനുഭവിക്കുമ്പോള്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ ഡല്‍ഹിയില്‍ തിരക്കിലായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അഴിമതിയാരോപണം നേരിടാത്ത ഒരു മന്ത്രിയുടെ പേരെങ്കിലും പറയാന്‍ കഴിയുമോയെന്ന് മോദി കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു. 

ദരിദ്രജനവിഭാഗങ്ങളുടെ ഉന്നമനത്തിനായാണ് കേന്ദ്രസര്‍ക്കാര്‍ സാമൂഹ്യസുരക്ഷ പദ്ധതികള്‍ കൊണ്ടുവന്നത്. എന്നാല്‍ കോണ്‍ഗ്രസ് സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടത്ര ഗൗരവം നല്‍കുന്നില്ല. മുത്തലാഖ് തടയുന്നതിന് ഒരു നിയമം കൊണ്ടുവരാന്‍ പോലും കഴിയാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും മോദി വിമര്‍ശിച്ചു.

നേരത്തെ 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാല്‍ പ്രധാനമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നിലപാട് വ്യക്തമാക്കിയിരുന്നു. അക്കാര്യം തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടനത്തെ അനുസരിച്ചിരിക്കും. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാല്‍ തീര്‍ച്ചയായും പ്രധാനമന്ത്രി പദം ഏറ്റെടുക്കും. ബംഗലൂരിവില്‍ പ്രമുഖ വ്യക്തികളുമായുള്ള സംവാദത്തിനിടെ രാഹുല്‍ വ്യക്തമാക്കി.

യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപി നടപടിയെ രാഹുല്‍ഗാന്ധി ചോദ്യം ചെയ്തു. അഴിമതിക്കാരനെയാണ് ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്. അഴിമതിക്കേസില്‍ ജയിലില്‍ പോയ യെദ്യൂരപ്പയെ എന്തിനാണ് ബിജെപി ഉയര്‍ത്തിക്കാട്ടുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com