കര്‍ണാടകയില്‍ പതിനായിരത്തോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു ; അന്വേഷണത്തിന് ഉത്തരവ്

രാജരാജേശ്വരി ന​ഗർ മണ്ഡലത്തിൽ ഉൾപ്പെടുന്ന, പടിഞ്ഞാറൻ ബം​ഗലൂരുവിലെ ജലഹള്ളിയിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് വോട്ടർ കാർഡുകൾ പിടിച്ചെടുത്തത്
കര്‍ണാടകയില്‍ പതിനായിരത്തോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു ; അന്വേഷണത്തിന് ഉത്തരവ്

ബംഗലൂരു: നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിനിൽക്കെ കര്‍ണാടകയില്‍ നിന്ന് പതിനായിരത്തോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. രാജരാജേശ്വരി നഗറില്‍ നിന്നാണ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്തത്. തിരിച്ചറിയൽ കാർഡ്‌ നിറച്ച രണ്ട്‌ അലുമിനിയം പെട്ടികളും രണ്ട്‌ പ്രിൻററുകളുമാണ്‌ പിടിച്ചെടുത്തത്‌. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. 

രാജരാജേശ്വരി ന​ഗർ മണ്ഡലത്തിൽ ഉൾപ്പെടുന്ന, പടിഞ്ഞാറൻ ബം​ഗലൂരുവിലെ ജലഹള്ളിയിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് വോട്ടർ കാർഡുകൾ പിടിച്ചെടുത്തത്. 9746 തിരിച്ചറിയൽ കാര്‍ഡുകളും ഒരുലക്ഷത്തോളം കൗണ്ടര്‍ ഫോയിലുകളുമാണ് പിടിച്ചെടുത്തതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജീവ് കുമാർ അറിയിച്ചു. പിടിച്ചെടുത്ത കാർഡുകൾ എല്ലാം രാജരാജേശ്വരി നഗറിലെ വോട്ടർമാരുടേതാണ്‌. 

പിടികൂടിയ തിരിച്ചറിയൽ കാർഡുകൽ പരിശോധിച്ചു വരികയാണെന്ന് തെര‍ഞ്ഞെടുപ്പ് അധികൃതർ അറിയിച്ചു. മിക്ക കാർഡുകളും 10 മുതൽ 15 വർഷം വരെ പഴക്കമുണ്ട്. പിടികൂടിയത് വ്യാജ കാർഡുകളാണോ എന്ന് പരിശോധനയ്ക്ക് ശേഷമെ വെളിപ്പെടുത്താനാകൂ എന്നും അധികൃതർ സൂചിപ്പിച്ചു. പരിശോധനയ്ക്ക് ശേഷം കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന് പൊലീസ് ഉദ്യോ​ഗസ്ഥരും വ്യക്തമാക്കി. 

ജാലഹള്ളില്‍ മഞ്ജുള എന്നയാളുടെ പേരിലുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് വ്യാജ തിരിച്ചറിയില്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. ആര്‍ ആര്‍ നഗര്‍ എംഎല്‍എ മുനിരത്നയുടെ അനുയായിയാണ് ഫ്ളാറ്റുടമയെന്ന് ബിജെപിനേതാക്കൾ ആരോപിച്ചു. അതേസമയം ബിജെപിയുടെ രാഷ്ട്രീയ നാടകമാണിതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബംഗലൂരുവിലെ വലിയ നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് രാജരാജേശ്വരി നഗര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com