യോഗി പെരുമാറിയത് പകയോടെ, പേടിച്ച് രാജ്യം വിടാനില്ല, സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ ഗോരഖ്പൂരില്‍ സ്വന്തമായി ക്ലിനിക്ക് തുടങ്ങുമെന്ന് ഡോ. കഫീല്‍ ഖാന്‍

സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഗൊരഖ്പൂരില്‍ ആശുപത്രി തുടങ്ങുമെന്ന് ഡോ.കഫീല്‍ ഖാന്‍
യോഗി പെരുമാറിയത് പകയോടെ, പേടിച്ച് രാജ്യം വിടാനില്ല, സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ ഗോരഖ്പൂരില്‍ സ്വന്തമായി ക്ലിനിക്ക് തുടങ്ങുമെന്ന് ഡോ. കഫീല്‍ ഖാന്‍

ലക്‌നൗ : ഗോരഖ്പുരില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തില്‍ ജയിലിലായ ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും യുപി സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. യോഗി സര്‍ക്കാര്‍ തന്നോട് ശത്രുതാ മനോഭാവത്തോടെയാണ് പെരുമാറിയത്. ജയിലില്‍ കിടന്ന തന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത യോഗി സര്‍ക്കാര്‍, കുട്ടികളുടെ മരണം ഓക്‌സിജന്‍ സിലിണ്ടറുകളും ക്ഷാമം മൂലമല്ലെന്നാണ് കോടതിയില്‍ വാദിച്ചത്. 

എന്നാല്‍ ഇതേ ബിജെപി സര്‍ക്കാര്‍ തന്നെ ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പല്‍ രാജീവ് മിശ്രയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് കോടതിയില്‍ പറഞ്ഞത്, ആശുപത്രിയിലെ ഓക്‌സിജന്‍ ക്ഷാമത്തിന് കാരണം ആശുപത്രിയിലെ അഴിമതിയും നടത്തിപ്പിലെ വീഴ്ചയും മൂലമാണെന്നാണ്. മിശ്ര ഇപ്പോഴും ജയിലിലാണ്. യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പുരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് 63 കുട്ടികള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കഫീല്‍ ഖാന് എട്ടുമാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. ജാമ്യത്തിലിറങ്ങിയ ശേഷം ഡല്‍ഹിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സര്‍ക്കാര്‍ തന്നെ ബലിയാടാക്കുകയായിരുന്നു. നിസ്വാര്‍ഥമായ സേവനമാണു താന്‍ ലക്ഷ്യമിട്ടത്. സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രി ഗൊരഖ്പൂരില്‍ തുടങ്ങുമെന്ന് ഡോ.കഫീല്‍ ഖാന്‍ പറഞ്ഞു. ലോകത്തിന്റെ പല സ്ഥലങ്ങളില്‍ നിന്നും തനിക്ക് ക്ഷണമുണ്ട്. എന്നാല്‍ ഇന്ത്യ വിട്ടുപോകാനില്ല. സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുക്കാതെ പീഡിപ്പിക്കാനാണ് ഭാവമെങ്കില്‍, ഗോരഖ്പൂരില്‍ തന്നെ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ സ്വന്തം ക്ലിനിക്ക് ആരംഭിക്കും. അവിടെ പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ ചികില്‍സ ഉറപ്പാക്കും. മരുന്നിന്റെയോ ഡോക്ടര്‍മാരുടെയോ കുറവോ ഉണ്ടാകില്ലെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. 

രക്ഷിക്കാന്‍ ശ്രമിച്ച തന്നെ ശിക്ഷിക്കുകയായിരുന്നുവെന്നു പറഞ്ഞാണ് കഫീല്‍ ഖാന്‍ സംസാരം ആരംഭിച്ചത്. കുടിശ്ശിക തന്നില്ലെങ്കില്‍ ഓക്‌സിജന്‍ വിതരണം മുടങ്ങുമെന്ന് ഓക്‌സിജന്‍ വിതരണ കമ്പനി ബന്ധപ്പെട്ട അധികാരികള്‍ക്ക്  19 തവണയെങ്കിലും കത്തയച്ചു. എന്നിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. അവധിയായിരുന്നിട്ടും അത്യാഹിതം അറിഞ്ഞ് ഓടിയെത്തി കഴിയാവുന്ന തരത്തില്‍ ജോലി ചെയ്ത താന്‍ കുറ്റക്കാരനായി. സ്വന്തം നിലയില്‍ വരെ ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിക്കാന്‍ ശ്രമിച്ചു. ഡോക്ടര്‍ കഫീല്‍ ഖാന്‍ വിശദീകരിച്ചു. 

ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച കുട്ടികളുടെ രക്ഷിതാക്കളും തന്നെ കാണാനെത്തി. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ച ബോധ്യമുണ്ടായിട്ടും സഹപ്രവര്‍ത്തകരുടെ നിര്‍ദ്ദേശം കേട്ട് ഒളിവില്‍ പോയതാണ് അബന്ധമായത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നെ ഒരു പാഠം പഠിപ്പിച്ചു. സത്യം വിളിച്ചു പറയാതെ ജീവിതത്തില്‍ നിന്ന് ഒളിച്ചോടരുതെന്ന പാഠം. ഡോക്ടര്‍ കഫീല്‍ ഖാന്‍ പറഞ്ഞു. കേരളത്തില്‍ പര്യടനത്തിലായിരുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവമറിഞ്ഞ് എത്തിയപ്പോള്‍ ഡോക്ടര്‍ കഫീല്‍ ഖാനോട് 'താങ്കള്‍ ഇവിടെ ഹീറോ കളിക്കുകയാണോ' എന്നു ചോദിച്ചതു വിവാദമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com