ജസ്റ്റിസ് കെഎം ജോസഫിനെത്തന്നെ ശുപാര്‍ശ ചെയ്യും, ബുധനാഴ്ച വീണ്ടും കൊളീജിയം യോഗം

കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്താല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ പേര് അംഗീകരിക്കുന്നതാണ് കാഴ് വഴക്കം
ജസ്റ്റിസ് കെഎം ജോസഫിനെത്തന്നെ ശുപാര്‍ശ ചെയ്യും, ബുധനാഴ്ച വീണ്ടും കൊളീജിയം യോഗം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ച ജസ്റ്റിസ് കെഎം ജോസഫിന്റെ പേര് വീണ്ടും സുപ്രിം കോടതി ജഡ്ജിയായി നിയമിക്കുന്നതിനു ശുപാര്‍ശ ചെയ്യാന്‍ കൊളീജിയം യോഗത്തില്‍ തീരുമാനം. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ചേര്‍ന്ന യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്താല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ പേര് അംഗീകരിക്കുന്നതാണ് കാഴ് വഴക്കം.

സുപ്രിം കോടതി ജഡ്ജി നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരുമായുള്ള കടുത്ത ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് കൊളീജിയം യോഗം ചേര്‍ന്നത്. കഴിഞ്ഞയാഴ്ച ചേര്‍ന്ന കൊളീജിയം യോഗം ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനത്തിലെത്താനായിരുന്നില്ല. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പടെ കൊളീജിയത്തിലെ എല്ലാ അംഗങ്ങളും വെള്ളിയാഴ്ചത്തെ യോഗത്തില്‍ പങ്കെടുത്തെന്നാണ് അറിയുന്നത്.

കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ച ജസ്റ്റിസ് കെഎം ജോസഫിന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്യാന്‍ യോഗം തത്വത്തില്‍ തീരുമാനിച്ചു. എന്നാല്‍ കെഎം ജോസഫിന്റെ പേരു മാത്രമായി അയക്കണോ മറ്റു നിയമന ശുപാര്‍ശകള്‍ക്കൊപ്പം അയയ്ക്കണോ എന്ന കാര്യത്തില്‍ യോഗത്തിനു തീരുമാനത്തിലെത്താനായില്ല. അടുത്ത ബുധനാഴ്ച കൊളീജിയം വീണ്ടും യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. 

ജസ്റ്റിസ് കെ എം ജോസഫിനെ നിയമിക്കണമെന്ന ശുപാര്‍ശ വീണ്ടും അയയ്ക്കണമെന്ന് കൊളീജിയത്തിലെ ജഡ്ജിമാരായ ജസ്റ്റിസ് ചെലമേശ്വറും ജസ്റ്റിസ് കുര്യന്‍ ജോസഫും പരസ്യമായി നിലപാടെടുത്തിരുന്നു. 

ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന ജനുവരി 10ന്റെ ശുപാര്‍ശ ആവര്‍ത്തിക്കുന്നതു പരിഗണിക്കുക, സുപ്രീം കോടതിയിലേക്കു സ്ഥാനക്കയറ്റം നല്‍കാവുന്ന ഹൈക്കോടതി ജഡ്ജിമാരുടെ പേരുകള്‍ പരിഗണിക്കുക എന്നിങ്ങനെയായിരുന്നു വെള്ളിയാഴ്ചത്തെ യോഗത്തിന്റെ അജന്‍ഡ. 

ജസ്റ്റിസ് ജോസഫിനെ ജഡ്ജിയാക്കണമെന്ന ശുപാര്‍ശ അംഗീകരിക്കാത്തതിനു നിയമമന്ത്രി ഉന്നയിച്ച വാദങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്നും ഉടനെ ശുപാര്‍ശ ആവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടു ജസ്റ്റിസ് ജെ.ചെലമേശ്വര്‍, ചീഫ് ജസ്റ്റിസിനു കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു. ജസ്റ്റിസ് ജോസഫിനെയും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകയായ ഇന്ദു മല്‍ഹോത്രയെയും സുപ്രീം കോടതി ജഡ്ജിമാരാക്കണമെന്നാണ് ജനുവരി 10നു കൊളീജിയം ശുപാര്‍ശ ചെയ്തത്. എന്നാല്‍, ഇന്ദു മല്‍ഹോത്രയുടെ നിയമനം അംഗീകരിക്കുകയും, ജസ്റ്റിസ് ജോസഫിന്റെ പേരു തള്ളിക്കളയുകയാണെന്ന് കഴിഞ്ഞ 26നു നിയമമന്ത്രി ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com