കുതിരക്കച്ചവടം സജീവം; ലക്ഷ്യം ജെഡിഎസ് എംഎല്‍എമാര്‍, പ്രകാശ് ജാവഡേക്കര്‍ ബംഗലൂരുവിലെ റിസോര്‍ട്ടില്‍ 

കര്‍ണാടകത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ എല്ലാ അടവുകളും പുറത്തിറക്കി ബിജെപി.
കുതിരക്കച്ചവടം സജീവം; ലക്ഷ്യം ജെഡിഎസ് എംഎല്‍എമാര്‍, പ്രകാശ് ജാവഡേക്കര്‍ ബംഗലൂരുവിലെ റിസോര്‍ട്ടില്‍ 

ബംഗലൂരു:  കര്‍ണാടകത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ എല്ലാ അടവുകളും പുറത്തിറക്കി ബിജെപി. ബിജെപിക്ക് അനുകൂലമായ സാഹചര്യം ഒരുക്കാന്‍ കേന്ദ്ര നേതൃത്വം കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന നേതാക്കളുമായ പ്രകാശ് ജാവഡേക്കറിനെയും ധര്‍മ്മേന്ദ്ര പ്രധാനെയും ചുമതലയേല്‍പ്പിച്ചു. ബിജെപിയുടെ കര്‍ണാടക സംസ്ഥാന ഓഫീസിലെത്തിയ ഇരുവരും സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന്  ജെഡിഎസ് എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തി പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുളള തീവ്ര ശ്രമത്തിലാണ് ബിജെപി. 

ഇതിനിടെ കര്‍ണാടകയില്‍ ബിജെപി കുതിരക്കച്ചവടം നടത്തുന്നതായി കോണ്‍ഗ്രസ് ആരോപിക്കുന്നു. മന്ത്രിപദം വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ചതായി കോണ്‍ഗ്രസ് എം എല്‍ എ എ എല്‍ പാട്ടീല്‍ വെളിപ്പെടുത്തി. നേരത്തെ  നാല് ജെഡിഎസ് എംഎല്‍എമാരെയും അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരെയും കോടികള്‍ വാഗ്ദാനം ചെയ്ത് ബിജെപി സമീപിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.  രാജിവെച്ചാല്‍ നൂറുകോടിവരെ നല്‍കാമെന്ന വാഗ്ദാനവുമായാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. എംഎല്‍എമാരെ നേതാക്കള്‍ സമീപിച്ചതായി ബിജെപി നേതാവ് ഈശ്വരപ്പ സ്ഥിരീകരിച്ചു.

ബിജെപി നേതാക്കള്‍ തന്നെ വിളിച്ചതായി ബിജെപി വിരുദ്ധ സഖ്യ എംഎല്‍എ അമരഗൗഡയും വ്യക്തമാക്കി. മന്ത്രിയാക്കാമെന്ന് ഉറപ്പു നല്‍കിയതായി അദ്ദേഹം വെളിപ്പെടുത്തി. 

അതേസമയം യെദ്യൂരപ്പയെ ബിജെപി നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. സര്‍ക്കാര്‍ രൂപികരിക്കാന്‍ സമയം തേടി യെദ്യൂരപ്പ ഗവര്‍ണറെ ഇന്ന് കാണും. വ്യാഴാഴ്ച വരെ സമയം ചോദിയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം ബെംഗലൂരുവില്‍ ആരംഭിച്ച കോണ്‍ഗ്രസ് യോഗത്തില്‍ 44 എംഎല്‍മാര്‍ പങ്കെടുക്കുന്നുണ്ട്. നാല് എംഎല്‍എമാരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. വടക്കന്‍മേഖലയില്‍ നിന്നുള്ളവരാണ് എത്താത്തത്. എന്നാല്‍ സിദ്ധരമായ്യ ഇത് നിഷേധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com