യെദ്യൂരപ്പ സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും? ചടങ്ങ് ആഘോഷമാക്കാന്‍ ബിജെപി

സര്‍ക്കാര്‍ രൂപികരിക്കാന്‍ ഗവര്‍ണര്‍ ബിജെപിയെ ക്ഷണിക്കുമെന്ന് സൂചന. നാളെ യെദ്യൂരപ്പ സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
യെദ്യൂരപ്പ സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും? ചടങ്ങ് ആഘോഷമാക്കാന്‍ ബിജെപി

ബംഗളൂരു: സര്‍ക്കാര്‍ രൂപികരിക്കാന്‍ ഗവര്‍ണര്‍ ബിജെപിയെ ക്ഷണിക്കുമെന്ന് സൂചന. നാളെ യെദ്യൂരപ്പ സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സത്യപ്രതിജ്ഞാ ചടങ്ങിന് ഒരുങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്. അതിനിടെ കോണ്‍ഗ്രസ് - ജെഡിഎസ് എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടതിന് പിന്നാലെ യെദ്യൂരപ്പയും ഗവര്‍ണറെ കാണും.

വലിയ ഒറ്റക്ഷി എന്ന നിലയിലാണ് ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ക്ഷണിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ രൂപികരിക്കുന്നതിനുള്ള ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്ന് കോണ്‍ഗ്രസ് - ജെഡിഎസ് നേതാക്കള്‍ ഗവര്‍ണറെ കണ്ട് അറിയിച്ചിരുന്നു. സിദ്ധരാമയ്യയുടെയും കുമാരസ്വാമിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് ഗവര്‍ണറെ കണ്ടത്. മുഴുവന്‍ എംഎല്‍എമാരെയും അണിനിരത്താന്‍ ഗവര്‍ണറുടെ അനുമതിയില്ലാത്ത സാഹചര്യത്തില്‍ ഇരുപാര്‍ട്ടികളുടെയും അഞ്ച് എംഎല്‍എമാര്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

ഗവര്‍ണറുടെ തീരുമാനമറിഞ്ഞശേഷം അടുത്ത നടപടികള്‍ കൈക്കൊള്ളാമെന്നാണ് ഇരുപാര്‍ട്ടികളുടെയും തീരുമാനം. പിന്തുണ അറിയിച്ചുള്ള കത്തുകള്‍ സംഘം ഗവര്‍ണര്‍ക്ക് കൈമാറി. ശക്തി തിരിച്ചറിയുമ്പോള്‍ ഗവര്‍ണറുടെ ഭാഗത്തുനിന്നും അനുകൂല നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു ഗവര്‍ണറെ കണ്ടശേഷം കുമാരസാമിയുടെ പ്രതികരണം.

അതേസമയം കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപികരണം അനിശ്ചിതത്വത്തില്‍ തുടരവെ ഗവര്‍റുടെ വസതിക്ക് മുന്നില്‍ ജെഡിഎസ് പ്രതിഷേധം ആരംഭിച്ചു. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് വസതിക്ക് മുന്നില്‍ പ്രതിഷേധവുമായി രംഗത്തുള്ളത്. ബിജെപിക്കെതിരെയും ഗവര്‍ണര്‍ക്കെതിരെയുമാണ് പ്രതിഷേധം.  117  എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ജെഡിഎസ് കോണ്‍ഗ്രസ് സഖ്യത്തിന്റെ അവകാശവാദം. 

ഇതിനിടെ ബിജെപിയിലേക്കുളള കൂറുമാറ്റത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ബംഗലൂരുവില്‍ നിന്നും മാറ്റാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. രാമനഗര ബിഡദിയിലെ റിസോര്‍ട്ടിലേക്ക് എംഎല്‍എമാരെ മാറ്റാനാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. നിലവില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ജെഡിഎസിന്റെ എംഎല്‍എമാര്‍ റിസോര്‍ട്ടിലാണ് കഴിയുന്നത്.അതേസമയം ഗവര്‍ണറുടെ നിലപാട് അറിഞ്ഞശേഷം റിസോര്‍ട്ടിലേക്ക് എംഎല്‍എമാരെ മാറ്റുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അന്തിമതീരുമാനം എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com