കേന്ദ്രം കുതിരക്കച്ചവടത്തിനു കൂട്ടുനില്‍ക്കുന്നോ? വിമര്‍ശനവുമായി സുപ്രിം കോടതി

അബദ്ധജടിലമായ വാദമാണ് അറ്റോര്‍ണി ജനറലിന്റേത്. കുതിരക്കച്ചവടത്തിനുള്ള തുറന്ന ക്ഷണമാണ് അതിലുള്ളതെന്ന് കോടതി
കേന്ദ്രം കുതിരക്കച്ചവടത്തിനു കൂട്ടുനില്‍ക്കുന്നോ? വിമര്‍ശനവുമായി സുപ്രിം കോടതി

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കുതിരക്കച്ചവടത്തിനു കൂട്ടുനില്‍ക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സുപ്രിം കോടതിയുടെ വിമര്‍ശനം. ബിഎസ് യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരണത്തിനു ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍ പുലര്‍ച്ചെ വരെ നീണ്ട വാദം കേള്‍ക്കലിനിടെയാണ് കോടതി കേന്ദ്ര നിലപാടിനെ വിമര്‍ശിച്ചത്.

കര്‍ണാടകയില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ സത്യപ്രതിജ്ഞ ചെയ്തിട്ടില്ലാത്തതിനാല്‍ കൂറുമാറ്റ നിരോധന നിയമം ബാധകമല്ലെന്നു കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ വാദിച്ചു. ഈ ഘട്ടത്തിലാണ് ജസ്റ്റിസ് എകെ സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിമര്‍ശനം ഉന്നയിച്ചത്. കൂറുമാറ്റം നടക്കാതെ ബിജെപിക്കു ഭൂരിപക്ഷം ലഭിക്കില്ലെന്നു വ്യക്തമാണമാണെന്ന് കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യത്തിനു വേണ്ടി ഹാജരായ അഭിഷേക് സിങ്വി ചൂണ്ടിക്കാട്ടി. ഇതു തടയാന്‍ കൂറുമാറ്റ നിരോധന നിയമമുണ്ടല്ലോ എന്ന് കോടതി ഓര്‍മിപ്പിച്ചപ്പോഴാണ് കെകെ വേണുഗോപാല്‍ പുതിയ വാദം ഉന്നയിച്ചത്. ഒരു പാര്‍ട്ടിയിലെ അംഗം മറ്റൊരു പാര്‍ട്ടിയിലേക്കു മാറുമ്പോഴാണ് കൂറുമാറ്റം ബാധകമാവുകയെന്നും എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുമ്പ് ഈ നിയമം അനുസരിച്ചു നടപടിയെടുക്കാനാവില്ലെന്നും അറ്റോര്‍ണി ജനറല്‍ വാദിച്ചു. 

ചോദ്യശരങ്ങളോടെയാണ് മൂന്നംഗ ബെഞ്ച് വേണുഗോപാലിന്റെ വാദങ്ങളെ നേരിട്ടത്. സത്യപ്രതിജ്ഞയ്ക്കു മുമ്പ് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു പാര്‍ട്ടി മാറാം എന്നാണോ താങ്കള്‍ വാദിക്കുന്നതെന്ന് കോടതി ചോദിച്ചു. എങ്ങനെയാണ് യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കാന്‍ പോവുന്നത്? അബദ്ധജടിലമായ വാദമാണ് അറ്റോര്‍ണി ജനറലിന്റേത്. കുതിരക്കച്ചവടത്തിനുള്ള തുറന്ന ക്ഷണമാണ് അതിലുള്ളതെന്ന് കോടതി വിമര്‍ശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com