ജനാധിപത്യത്തിന്റെ കറുത്ത ദിനം; വിധാന്‍സഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധം

കര്‍ണാടകയില്‍ ബി എസ് യെദ്യൂരപ്പ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് നിയമവിരുദ്ധമായാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധം
ജനാധിപത്യത്തിന്റെ കറുത്ത ദിനം; വിധാന്‍സഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധം

ബംഗലൂരു: കര്‍ണാടകയില്‍ ബി എസ് യെദ്യൂരപ്പ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് നിയമവിരുദ്ധമായാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധം. വിധാന്‍ സഭയില്‍ മഹാത്മഗാന്ധി പ്രതിമയ്ക്ക് മുന്‍പിലാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അശോക് ഗെലോട്ട്, മല്ലികാര്‍ജ്ജുന ഖാര്‍ഗെ, കെ സി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം. ജനാധിപത്യത്തിന്റെ കറുത്ത ദിവസമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

ഇതിനിടെ സുപ്രീംകോടതി വരെയെത്തിയ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയിലെ 23മത് മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. യെദ്യൂരപ്പ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെട്ട് ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് വെള്ളിയാഴ് ഹാജരാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് മറ്റ് മന്ത്രിമാരാരും സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. ആഘോഷങ്ങള്‍ അധികമില്ലാതെയാണ് യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. കര്‍ണാടക രാജ്ഭവന് മുന്നിലെ പ്രത്യേക വേദിയില്‍ ഗവര്‍ണര്‍ വാജുഭായ് വാല യെദ്യൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവഡേക്കര്‍ ജെ.പി നഡ്ഡ എന്നിവര്‍ ചടങ്ങിനെത്തി.ദൈവത്തിന്റെയും കര്‍ഷകരുടേയും പേരിലായിരുന്നു സത്യപ്രതിജ്ഞ.

സത്യപ്രതകിജ്ഞ തടയണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. നേരത്തെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെട്ട് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ പതിനഞ്ച് ദിവസത്തെ സമയം അനുവദിച്ചത്. എന്നാല്‍ നിലവില്‍ കേവലഭൂരിപക്ഷമായ 113 അംഗങ്ങള്‍ ബിജെപിക്കൊപ്പമില്ല. 104 എംഎല്‍എമാരും ഒരു സ്വതന്ത്ര എംഎല്‍എയുമാണ് ബിജെപിക്കൊപ്പമുള്ളത്.

ഒരുദിവസത്തിനുള്ളില്‍ കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും പരമാവധി എംഎല്‍എമാരെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കുക എന്നതായിരിക്കും ഇനി ബിജെപിയുടെ ലക്ഷ്യം. ബിജെപിയുടെ ചാക്കിട്ടു പിടുത്തും ഒഴിവാക്കാന്‍ കോണ്‍ഗ്രസ്‌ജെഡിഎസ് എംഎല്‍എമാരെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.

ഗവര്‍ണരുടെ വിവേചനാധികാരത്തില്‍ ഇടപെടാനാകില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതി സ്‌റ്റേ അനുവദിക്കാതിരുന്നത്. സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഹാജരാക്കാന്‍ കോടതി ബിജെപിയോട് ആവശ്യപ്പെട്ടു. അതിലെ നിയമപരമായ ശരിതെറ്റുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അതിന് ശേഷം തീരുമാനമെടുക്കാമെന്നും കോടതി നിലപാട് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com