ബിജെപി വിട്ടത് നന്നായി; 2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പിലും മോദി ഇതുതന്നെ പയറ്റുമെന്ന് യശ്വന്ത് സിന്‍ഹ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ ഇപ്പോഴത്തെ നാടകങ്ങള്‍ തന്നെയാകും ബി.ജെ.പി പുറത്തെടുക്കുക. ഇത്  മുന്നറിയിപ്പാണെന്നും യശ്വന്ത് സിന്‍ഹ
ബിജെപി വിട്ടത് നന്നായി; 2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പിലും മോദി ഇതുതന്നെ പയറ്റുമെന്ന് യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന രാഷ്ട്രീയ നാടകങ്ങള്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പാണെന്ന് മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ ആരോപിച്ചു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം എന്ത് നടക്കുമെന്നതിന് തെളിവാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെന്നും മുന്‍ കേന്ദ്രധനമന്ത്രി കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ ഇപ്പോഴത്തെ നാടകങ്ങള്‍ തന്നെയാകും ബി.ജെ.പി പുറത്തെടുക്കുക. ഇത്  മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു.കര്‍ണാടകയിലെ ജനാധിപത്യത്തെ അവഹേളിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയുടെ ഭാഗമാകാത്തത് നന്നായി. ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തതില്‍ താന്‍ സന്തോഷിക്കുന്നതായി കഴിഞ്ഞ ദിവസം സിന്‍ഹ വ്യക്തമാക്കിയിരുന്നു. 

മോദി സര്‍ക്കാരിന്റെ വിവിധ നിലപാടുകളെ തുറന്ന് എതിര്‍ത്തിട്ടുള്ള സിന്‍ഹ, കഴിഞ്ഞ മാസമാണ് ബി.ജെ.പി വിട്ടത്. തന്റെ പ്രസ്താവനകളുടെ പേരില്‍ പാര്‍ട്ടി നടപടിയെടുക്കുമെന്ന് ഭയക്കുന്നില്ലെന്നും അങ്ങനെ നടപടിയെടുത്താല്‍ അതായിരിക്കും തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമെന്നും അദ്ദേഹം നേരത്തെ തുറന്നടിച്ചിരുന്നു. മറ്റ് പാര്‍ട്ടികളുമായി കൂട്ടുകൂടുമോയെന്ന ചോദ്യത്തിന് എല്ലാ കറികളിലും ഉപയോഗിക്കാന്‍ കഴിയുന്ന ഉരുളക്കിഴങ്ങിനെ പോലെയാണ് താനെന്നും അദ്ദേഹം പറഞ്ഞിരുന്നു. നോട്ട് നിരോധനം, ജി.എസ്.ടി വിഷയങ്ങളിലും മോദിയെയും ബി.ജെ.പി നേതൃത്വത്തേയും സിന്‍ഹ നിശിതമായി വിമര്‍ശിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com