രാഷ്ട്രീയ പാര്‍ട്ടിയുമായി ജസ്റ്റിസ് കര്‍ണന്‍; 543 മണ്ഡലങ്ങളിലും വനിതകളെ സ്ഥാനാര്‍ത്ഥിയാക്കും
By സമകാലിക മലയാളം ഡെസ്ക് | Published: 17th May 2018 01:07 PM |
Last Updated: 17th May 2018 01:07 PM | A+A A- |

കൊല്‍ക്കത്ത: കോടതിയലക്ഷ്യ കേസില്‍ അഞ്ചുമാസം മുന്‍പ് ജയില്‍ മോചിതനായ ജസ്റ്റിസ് കര്‍ണന്‍ രാഷ്ട്രീയ പോര്‍മുഖത്തേയ്ക്ക്. അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന സന്ദേശം നല്‍കി പുതിയ പാര്‍ട്ടിക്ക് കര്‍ണന്‍ രൂപം നല്‍കി. ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടി എന്ന് പേരിട്ടിരിക്കുന്ന പുതിയ രാഷ്ട്രീയ രൂപത്തിന് അംഗീകാരം തേടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായി കര്‍ണന്‍ അറിയിച്ചു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വാരാണാസി ഒഴികെ മുഴുവന്‍ മണ്ഡലങ്ങളിലും വനിതകളെ മത്സരിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
വരുന്ന തെരഞ്ഞെടുപ്പുകളില്‍ പുതിയ പാര്‍ട്ടി തൂത്തുവാരും. വനിതളെ മാത്രമാണ് മത്സരിപ്പിക്കുക. പ്രവര്‍ത്തകര്‍ തന്നൊടും മത്സരിക്കണമെന്ന് നിര്‍ബന്ധിക്കുന്ന പശ്ചാത്തലത്തില്‍ വാരണാസിയില്‍ നിന്നും മത്സരിക്കും. എങ്കിലും അവിടെയും ഒരു വനിതയെ തന്നെ മത്സരിപ്പിക്കണമെന്നതായിരുന്നു തന്റെ ആഗ്രഹം. സ്ത്രീകള്‍ക്ക് നേരെയുളള വിവേചനം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് വാരാണാസി ഒഴികെയുളള മണ്ഡലങ്ങളില്‍ വനിതകളെ നിര്‍ത്താന്‍ തീരുമാനിച്ചതെന്നും ജസ്റ്റിസ് കര്‍ണന്‍ വ്യക്തമാക്കി.
പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ എല്ലാവര്‍ഷവും പ്രധാനമന്ത്രിയെ മാറ്റുന്ന പദ്ധതിയാണ് തങ്ങളുടെ അജണ്ടയിലുളളത്. 2019-2020 വര്‍ഷത്തില്‍ മുസ്ലീം വനിതയെ പ്രധാനമന്ത്രിയാക്കും. അടുത്ത വര്‍ഷം സവര്‍ണ ജാതിയില്‍പ്പെട്ട വനിതയായിരിക്കും പ്രധാനമന്ത്രിയാവുക. തൊട്ടടുത്ത വര്‍ഷം പിന്നോക്ക വിഭാഗത്തില്‍ നിന്നുളള വനിതയായിരിക്കും ഉയര്‍ന്ന സ്ഥാനത്ത് എത്തുക എന്നും തെരഞ്ഞെടുപ്പ് ലക്ഷ്യം വിശദീകരിച്ച് കര്‍ണന്‍ പറഞ്ഞു.
പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ദളിത് നേതാക്കളായ ചന്ദ്രശേഖര്‍ ആസാദിനെയും ചന്ദ്രധര്‍ മഹതോയെയും ജയിലില്‍ നിന്നും മോചിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കും.ജുഡിഷ്യറിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇനി തനിക്ക് ഒരു പരിപാടിയുമില്ലെന്നും ദളിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരെയുളള വിവേചനം ചര്‍ച്ചാവിഷയമാക്കിയുളള സമ്മേളനത്തില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.