സുപ്രിം കോടതിയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ പുതിയ ഹര്‍ജി; കര്‍ണാടക ഹൈക്കോടതിയിലും ഹര്‍ജി

ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് മുതിര്‍ന്ന അഭിഭാഷകനായ രാം ജത്മലാനി നല്‍കിയ ഹര്‍ജിയും വെള്ളിയാഴ്ച സുപ്രിം കോടതി പരിഗണിക്കുന്നുണ്ട്
സുപ്രിം കോടതിയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ പുതിയ ഹര്‍ജി; കര്‍ണാടക ഹൈക്കോടതിയിലും ഹര്‍ജി

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സുപ്രിം കോടതിയില്‍ പുതിയ ഹര്‍ജി നല്‍കി. നിയമസഭയിലേക്കു ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നോമിനേറ്റു ചെയ്യാനുള്ള ഗവര്‍ണറുടെ തീരുമാനത്തിനെതിരെയാണ് ഹര്‍ജി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ച നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനൊപ്പം ഇക്കാര്യവും സുപ്രിം കോടതി പരിശോധിക്കും.

ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് നിയമസഭയിലേക്ക് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നോമിനേറ്റ് ചെയ്യാന്‍ തീരുമാനിച്ചത്. ഇതിനെ ചോദ്യം ചെയ്താണ് കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യം പുതിയ ഹര്‍ജി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തെ ചോദ്യംചെയ്തുള്ള മുഖ്യഹര്‍ജിക്കൊപ്പം വെള്ളിയാഴ്ച ഇക്കാര്യവും സുപ്രിം കോടതി പരിശോധിക്കും. 

ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് മുതിര്‍ന്ന അഭിഭാഷകനായ രാം ജത്മലാനി നല്‍കിയ ഹര്‍ജിയും വെള്ളിയാഴ്ച സുപ്രിം കോടതി പരിഗണിക്കുന്നുണ്ട്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ജത്മലാനി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനു മുന്നില്‍ ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ ഇക്കാര്യം ആവശ്യപ്പെടാനായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ മറുപടി. 

അതിനിടെ യെദ്യൂരപ്പ സര്‍ക്കാര്‍ രൂപീകരിച്ചതിനെതിരെ കര്‍ണാടക ഹൈക്കോടതിയിലും ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. അഡ്വ. എന്‍പി അമൃതേഷ് ആണ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്കിയത്. രാജിയിലൂടെയോ കൂറുമാറ്റത്തിലൂടെയോ ബിജെപി ഭൂരിപക്ഷമുണ്ടാക്കുന്ന സാഹചര്യം തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. 

കോണ്‍ഗ്രസിന്റെ ഹര്‍ജി വെള്ളിയാഴ്ച രാവിലെ പത്തരയ്ക്കാണ് സുപ്രിം കോടതി പരിഗണിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് യെദ്യൂരപ്പ ഗവര്‍ണര്‍ക്കു നല്‍കിയ കത്ത് ഹാജരാക്കാന്‍ മുന്നംഗ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com