രാഷ്ട്രീയ നാടകങ്ങളില്‍ പ്രതിഷേധിച്ച്  ചലോ രാജ്ഭവന്‍ മാര്‍ച്ച്;  പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് മാര്‍ച്ചിന്‌ നേതൃത്വം നല്‍കുന്നത്
രാഷ്ട്രീയ നാടകങ്ങളില്‍ പ്രതിഷേധിച്ച്  ചലോ രാജ്ഭവന്‍ മാര്‍ച്ച്;  പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കര്‍ണാടകയില്‍ അരങ്ങേറുന്ന രാഷ്ട്രീയ നാടകങ്ങളില്‍ പ്രതിഷേധിച്ച് ചലോ രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കാന്‍ ഒരുങ്ങി കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി. ബിജെപിയെ അധികാരത്തിലേറ്റിയ ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള കോണ്‍ഗ്രസിന്റേയും ജെഡിയുവിന്റേയും ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്ന സമയത്ത് പ്രതിഷേധ പ്രകടനം നടത്താനാണ് തീരുമാനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് മാര്‍ച്ചിന്‌ നേതൃത്വം നല്‍കുന്നത്. 

രാജ്ഭവനിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് പതിനൊന്നുമണിക്ക് ആരംഭിക്കുമെന്നാണ് സൂചനകള്‍. കൂടാതെ കര്‍ണാടകയിലെ സംഭവവികാസങ്ങളില്‍ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.  

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമില്ലാഞ്ഞിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കുതിരക്കച്ചവടം ഭയന്ന് കോണ്‍ഗ്രസിന്റേയും ജെഡിഎസിന്റേയും എംഎല്‍എമാരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനുള്ള ശ്രമങ്ങളിലാണ് നേതൃത്വം. കോണ്‍ഗ്രസ് എംഎല്‍എമാര്‍ കേരളത്തിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെഡിഎസിന്റെ എംഎല്‍എമാര്‍ ഹൈദരാബാദില്‍ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com