ജെഎന്‍യുവില്‍ ഇസ്‌ലാമിക ഭീകരവാദത്തെക്കുറിച്ച് കോഴ്‌സ് വരുന്നു; ഹിന്ദുത്വഭീകരത എന്നൊന്നില്ലെന്ന് അധികൃതര്‍; പ്രതിഷേധവുമായി സ്റ്റുഡന്റ്‌സ് യൂണിയന്‍

ജഹവര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഇസ്‌ലാമിക മതതീവ്രവാദത്തെക്കുറിച്ച് കോഴ്‌സ് ആരംഭിക്കുന്നു
ജെഎന്‍യുവില്‍ ഇസ്‌ലാമിക ഭീകരവാദത്തെക്കുറിച്ച് കോഴ്‌സ് വരുന്നു; ഹിന്ദുത്വഭീകരത എന്നൊന്നില്ലെന്ന് അധികൃതര്‍; പ്രതിഷേധവുമായി സ്റ്റുഡന്റ്‌സ് യൂണിയന്‍


ന്യൂഡല്‍ഹി: ജഹവര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഇസ്‌ലാമിക മതതീവ്രവാദത്തെക്കുറിച്ച് കോഴ്‌സ് ആരംഭിക്കുന്നു. സെന്റര്‍ ഫോര്‍ നാഷ്ണല്‍ സക്യൂരിറ്റി സ്റ്റഡീസിന്റെ കീഴില്‍ ആരംഭിക്കാന്‍ പോകുന്ന കോഴ്‌സിന് സര്‍വകലാശാല തത്വത്തില്‍ അംഗീകാരം നല്‍കി. വെള്ളിയാഴ്ച നടന്ന അക്കാദമിക് കൗണ്‍സില്‍ യോഗത്തിലാണ് ഇത്തരമൊരു കോഴ്‌സ് തുടങ്ങുന്നതിന് തീരുമാനമായത്. ഇസ്‌ലാമിക തീവ്രവാദം എന്ന പേരില്‍ കോഴ്‌സ് ആരംഭിക്കുന്നതിനെ നിരവധി അധ്യാപകര്‍ എതിര്‍ത്തു രംഗത്തെത്തിയെങ്കിലും സര്‍വകലാശാല അധികൃതര്‍ നിലപാടില്‍  ഉറച്ചുനില്‍ക്കുകയായിരുന്നു. ഒരു പ്രത്യേക മതത്തെ തീവ്രവാദവുമായി ഉപമിക്കുന്നത് ശരിയല്ല എന്നാണ് അധ്യാപകര്‍ വാദിച്ചത്. ഇസ്‌ലാമിക മതതീവ്രവാദം എന്നത് മാറ്റി മതതീവ്രവാദം എന്ന് മാത്രമാക്കണമെന്നും എതിര്‍ത്ത അധ്യാപകര്‍ ആവശ്യപ്പെട്ടു. 

ഇസ്‌ലാമിക മതതീവ്രവാദം എന്നത് ലോകവ്യാപകമായി ഉള്ളതാണെന്നും അതിനെ എതിര്‍ക്കേണ്ടതില്ലെന്നും അധികൃതരെ അനുകൂലിച്ച അധ്യാപകര്‍ നിലപാടെടുത്തു. ഹിന്ദുത്വ ഭീകരവാദം എന്നൊന്ന് ഇല്ലെന്നും മുസ്‌ലിം വോട്ട് ബാങ്കുകള്‍ സൃഷ്ടിക്കാന്‍ വേണ്ടി കോണ്‍ഗ്രസ് കൊണ്ടുവന്നതാണെന്നും അധികൃതരെ പിന്തുണച്ച് രംഗത്തെത്തിയ കൗണ്‍സില്‍ മെമ്പര്‍ അശ്വിനി മഹാപാത്ര പറഞ്ഞു. ഇന്ത്യയില്‍ സജീവമായുള്ളത് ഇസ്‌ലാമിക തീവ്രവാദമാണ്, അത് കശ്മീരിലായാലും കേരളത്തിലായാലും, അതുകൊണ്ട് ഇത് പഠനവിഷയമാക്കേണ്ടതുണ്ട്- അശ്വിനി മഹാപാത്ര പറയുന്നു. 

സെന്റര്‍ ഫോര്‍ ആഫ്രിക്കന്‍ സ്റ്റഫഡീസ് പ്രൊഫസര്‍ അജയ് കുമാര്‍ ദുബെ അധ്യക്ഷനായ സമിതിയാണ് കോഴ്‌സിന് വേണ്ടിയുള്ള നടപടികള്‍ തയ്യാറാക്കിയത് എന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അത്തരത്തിലുള്ള ഒരു വിഷയവും മുന്നോട്ടുവച്ചിട്ടില്ലായെന്നാണ് ദുബെ മാധ്യമങ്ങളോട് പറഞ്ഞത്. 

സര്‍വകലാശാല അധികൃതരുടെ നടപടിക്കെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിഷേധവുമായി രംഗത്തെത്തി. അക്കാദമിക് വിഷയങ്ങളുടെ മറവില്‍ രാജ്യത്ത് ഇസ്‌ലാമോഫോബിയ വളര്‍ത്താനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് ഗീത കുമാരി പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ആര്‍എസ്എസ് നടപ്പാക്കുന്ന അജണ്ടയാണെന്നും ഗീത കുമാരി ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com