ആഭ്യന്തരമന്ത്രിക്ക് പറക്കാന്‍ വൈദ്യൂതി മുടക്കി, പ്രതിഷേധവുമായി നാട്ടുകാര്‍; ഒടുവില്‍ തലയൂരി രാജ്‌നാഥ് സിങ് 

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ മധ്യപ്രദേശ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വൈദ്യൂതി ബന്ധം വിച്ഛേദിച്ചതില്‍ നാട്ടുകാരുടെ പ്രതിഷേധം
ആഭ്യന്തരമന്ത്രിക്ക് പറക്കാന്‍ വൈദ്യൂതി മുടക്കി, പ്രതിഷേധവുമായി നാട്ടുകാര്‍; ഒടുവില്‍ തലയൂരി രാജ്‌നാഥ് സിങ് 

ഭോപ്പാല്‍: ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ മധ്യപ്രദേശ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വൈദ്യൂതി ബന്ധം വിച്ഛേദിച്ചതില്‍ നാട്ടുകാരുടെ പ്രതിഷേധം. കടുത്ത വേനലില്‍ വൈദ്യൂതി ബന്ധം വിച്ഛേദിച്ച അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് രാജ്‌നാഥ് സിങ് ബദല്‍ മാര്‍ഗം തേടി തടിയൂരി. 

സ്വാതന്ത്ര്യസമരസേനാനി താക്കൂര്‍ റാന്‍മത് സിങിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ രാജ്‌നാഥ് സിങ് മധ്യപ്രദേശില്‍ എത്തിയപ്പോഴാണ് സംഭവം. 
സത്‌നയിലെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കുന്നതിന് ഹെലികോപ്റ്ററില്‍ യാത്ര ചെയ്യാനാണ് പദ്ധതിയിട്ടിരുന്നത്. ഉദ്ഘാടന വേദി സത്‌നയില്‍ നിന്നും അകലെയാണ്. ഇതിന്റെ ഭാഗമായി സത്‌നയില്‍ വിമാനമിറങ്ങി അവിടെനിന്ന് ഹെലികോപ്റ്ററില്‍ ഉദ്ഘാടന പ്രദേശത്തേയ്ക്ക് നീങ്ങാനായിരുന്നു പരിപാടി. ഹെലികോപ്റ്ററിന്റെ സുരക്ഷിതമായ ലാന്‍ഡിങിന് തടസം ഒഴിവാക്കാന്‍ അതിലുടെ കടന്നുപോകുന്ന ഉയര്‍ന്ന വൈദ്യൂതി പ്രവാഹമുളള രണ്ട് ലൈനുകള്‍ വിച്ഛേദിക്കുകയായിരുന്നു അധികൃതര്‍. സംഭവം അറിഞ്ഞ രോഷാകുലരായ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവരുകയായിരുന്നു. പിന്നാലെ ഹെലികോപ്റ്റര്‍ യാത്ര ഉപേക്ഷിച്ച് രാജ്‌നാഥ് സിങ് റോഡുമാര്‍ഗം ഉദ്ഘാടന സ്ഥലത്തേയ്ക്ക് പോയി. ഹെലികോപ്റ്ററിനെ അപേക്ഷിച്ച് റോഡ് മാര്‍ഗമുളള യാത്രയില്‍ 20 മിനിറ്റ് അധികം ചെലവഴിക്കേണ്ടി വന്നു എന്നുമാത്രം.

ഹെലികോപ്റ്റര്‍ ലാന്‍ഡിങുമായി ബന്ധപ്പെട്ട് രണ്ടുദിവസം മുന്‍പ് തന്നെ പത്രങ്ങളില്‍ വൈദ്യൂതി വകുപ്പിന്റെ അറിയിപ്പ് വാര്‍ത്തയായിരുന്നു. ശനിയാഴ്ച വൈകീട്ട് നാലുമണി മുതല്‍ ഞായറാഴ്ച വൈകീട്ട് ആറുമണി വരെ വൈദ്യൂതി  ഉണ്ടായിരിക്കുന്നതല്ല എന്നായിരുന്നു അറിയിപ്പ്. ഇതില്‍ രോഷാകുലരായ നാട്ടുകാരാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. വേനല്‍ ചൂട് ഉയരുന്ന പശ്ചാത്തലത്തില്‍ രണ്ടുദിവസം വൈദ്യൂതി ഇല്ലാത്ത അവസ്ഥ ചിന്തിക്കാന്‍ പോലും കഴിയാത്ത നാട്ടുകാര്‍ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സംഭവം അറിഞ്ഞ രാജ്‌നാഥ് സിങ് ഹെലികോപ്റ്റര്‍ യാത്ര ഉപേക്ഷിക്കുകയായിരുന്നു.തുടര്‍ന്ന് ഞായറാഴ്ച രാവിലെ വൈദ്യൂതി ബന്ധം പുന:സ്ഥാപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com